5000 കോടി രൂപയുടെ വായ്പ തട്ടിപ്പുകേസ് , പ്രതി നാട് കടന്നു.

ഗുജറാത്ത് : 5000 കോടി രൂപയുടെ വായ്പ തട്ടിപ്പുകേസ് പ്രതിയും സ്റ്റെര്‍ലിങ് ബയോടെക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഡയറക്ടറുമായ നിതിൻ ജയന്തിലാൽ സന്ദേശര രാജ്യം വിട്ടതായി റിപ്പോർട്ട്. സഹോദരൻ ചേതൻ ജയന്തിലാൽ സന്ദേശരയ്ക്കും സഹോദരപത്നി ദീപ്തിബെൻ സന്ദേശരയ്ക്കുമൊപ്പം നൈജീരിയയിലേക്കു കടന്നുവെന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ മാസം ദുബായിൽ വച്ച് ഇയാൾ അറെസ്റ് ചെയ്യപ്പെട്ടുവെന്നു വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അത് കള്ളമായിരുന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് . ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്നു 5000 കോടി രൂപയുടെ വായ്പയെടുത്ത നിതിന്റെ കമ്പനി പണം തിരികെയടച്ചില്ല എന്നതാണ് കേസ്. ഇന്ത്യയും നൈജീരിയയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള പരസ്പര ധാരണ ഇല്ല. ഇതാണ് നൈജീരിയയിലേക്കു കടക്കാനുണ്ടായ കാരണം. ഇങ്ങനെയൊരു ധാരണ നിലനിൽക്കാത്തിടത്തോളം ഇയാളെ തിരികയെത്തിക്കുകയെന്നത് ബുദ്ധിമുട്ടാവും. എന്നാൽ നിതിന്റെ രക്ഷപെടലുമായി സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. നിതിൻ്റെ കമ്പനിയിൽ നിന്ന് രാകേഷ് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സിബിഐ ഡയറക്ടർ അലോക് വർമ്മ ആരോപിച്ചിരുന്നു. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിന് ഇൻ്റർപോളിൻ്റെ സഹായം തേടാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.സ്റ്റെര്‍ലിങ് ബയോടെക് ഫാര്‍മയുടെ ഒരു ഡയറക്ടർ സൗത്ത് യൂറോപ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് , അതുകൊണ്ടു തന്നെ ഇയാളുടെ പാസ്പോര്ട്ട് കണ്ടുകെട്ടണമെന്നു എൻഫോഴ്സ്സ്മെന്റ് ഡയറക്ടറേറ്റ് മിനിസ്ടറി ഓഫ് അഫ്ഫയെര്സ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 


വഡോദര കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റെര്‍ലിങ് ബയോടെക് ഫർമയുടെ ഡയറക്ടർമാരായ ചേതൻ ജയന്തിലാൽ സന്ദേശര, ദീപ്തി ചേതൻ സന്ദേശര,രാംപ്രകാശ് ഓംപ്രകാശ് ദിക്ഷിത്, നിതിൻ ജയന്തിലാൽ സന്ദേശര , വിലാസ് ജോഷി, ചാർട്ടേഡ്അക്കൗണ്ടന്‍റ് ആയ ഹേമന്ത് ഹാത്തി, മുൻ ആന്ധ്ര ബാങ്ക്  ഡയറക്ടർ അനുപ് ഗാർഗ് എന്നിവർക്കെതിരെയാണ് സി ബി ഐ കേസ് എടുത്തിരിക്കുന്നത്.

24-Sep-2018