കേരള അതിഥി ആപ്പ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങളില്‍ വ്യക്തത വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥി തൊഴിലാളികളുടെയും രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി തൊഴില്‍ വകുപ്പ് മന്ത്രി കൂടിയായ വി ശിവന്‍കുട്ടി പറഞ്ഞു. സെക്രട്ടേറിയറ്റ് ലയം ഹാളില്‍ കേരള അതിഥി ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള അതിഥി ആപ്പ് വരുന്നതോടെ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ സുഗമമായി അതിവേഗം പൂര്‍ത്തിയാക്കാനാകും. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

അതിഥി പോര്‍ട്ടല്‍ വഴി ഇതോടകം 1,59,884 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കും അവരുടെ കരാറുകാര്‍ക്കും തൊഴിലുടമകള്‍ക്കും മൊബൈല്‍ ആപ്പിലൂടെ രജിസ്ര്‌ടേഷന്‍ പൂര്‍ത്തിയാക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വ്യക്തിഗത വിവരങ്ങള്‍, ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പരിശോധിച്ച് സ്ഥിരീകരിക്കും. അസി ലേബര്‍ ഓഫീസര്‍ പരിശോധന പൂര്‍ത്തിയാക്കുന്നത് അനുസരിച്ച് തൊഴിലാളികള്‍ക്ക് വെര്‍ച്വല്‍ ഐഡി കാര്‍ഡുകള്‍ ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇനി മുതല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ഈ കാര്‍ഡ് ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

17-Oct-2024