സംസ്ഥാന പൊതു മേഖലയിൽ ആദ്യമായി എ.ഐ ചാറ്റ്‌ബോട്ട്

പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിന്റെ വിപണന സാധ്യതകൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത എ.ഐ ചാറ്റ്‌ബോട്ട് ക്ലേയ്സ്സയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. കേരളത്തിലെ പൊതുമേഖലയിൽ ആദ്യമായാണ് വ്യവസായ വകുപ്പിന്റെ കീഴിൽ എ.ഐ ചാറ്റ് ബോട്ട് നിലവിൽ വരുന്നത്.

കമ്പനിയുടെ വൈബ്‌സൈറ്റുമായി സംയോജിപ്പിക്കുന്നതോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാറ്റ്‌ബോട്ട് സജ്ജമാകും. കമ്പനിയുടെ ഏത് ഉൽപ്പന്നങ്ങളെപ്പറ്റിയും ഏത് ഭാഷയിൽ അന്വേഷിച്ചാലും ഉൽപ്പന്ന സംബന്ധമായ വിവരങ്ങൾ അതാത് ഭാഷയിൽ ലഭ്യമാകും.

എറണാകുളത്ത് വ്യവസായ വകുപ്പിന്റെ അർധവാർഷിക അവലോകന യോഗത്തിൽ നടന്ന ഉദ്ഘാടനത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി. എം മുഹമ്മദ് ഹനീഷ്, ആനി ജൂല, ബി.പി ടി ചെയർമാൻ കെ അജിത് കുമാർ, മെമ്പർ സെക്രട്ടറി പി സതീഷ് കുമാർ, എംഡി ആനക്കൈ ബാലകൃഷ്ണൻ, എം സുമേഷ് എന്നിവർ പങ്കെടുത്തു.

ടെക്‌നോപാർക്കിലെ ഗൗഡേ ബിസിനസ് ആന്റ് ഇൻഫ്രാസ്ട്രക്ചർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ട് അപ്പാണ് ചാറ്റ്‌ബോട്ട് വികസിപ്പിച്ചെടുത്തത്. നാച്ച്വറൽ ലാംഗ്വേജ് പ്രോസസിംഗ് എന്ന എഐ സാങ്കേതിക വിദ്യയാണ് ഇതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

17-Oct-2024