സ്കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണപദ്ധതിയുമായി ഇന്തോനേഷ്യ

എട്ട് കോടിയിലധികം വരുന്ന സ്കൂള്‍കുട്ടികള്‍ക്ക് പോഷകാഹാരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉച്ചഭക്ഷണപദ്ധതിയുമായി ഇന്തോനേഷ്യ. സുകബുമിയിലെ അടുക്കളയിൽ 20 സ്കൂളുകൾക്കായി ദിവസവും 3,300 ചോറ്റുപാത്രങ്ങളാണ് തയ്യാറാക്കുന്നത്. ഒക്ടോബർ 20ന് അധികാരത്തിലേറാനിരിക്കുന്ന നിയുക്ത പ്രസിഡന്‍റ് പ്രബോവോ സുബിയാൻ്റോയുടെ സൗജന്യ ഉച്ചഭക്ഷണപദ്ധതിയുടെ പൈലറ്റ് പദ്ധതിപ്രകാരം, 3 ദശലക്ഷം കുട്ടികള്‍ക്കുവേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കപ്പെടുന്ന രാജ്യത്തെ കേന്ദ്രങ്ങളിലൊന്നാണിത്.

പോഷകാഹാര വിദഗ്ദരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാലും മുട്ടയും പച്ചക്കറികളും പഴങ്ങളുമടങ്ങുന്ന സമീകൃതമായ മെനു പ്രകാരം, ഇന്തോനേഷ്യയിലെ 8.3 കോടി കുട്ടികൾക്കും ഗർഭിണികൾക്കും സൗജന്യമായി പോഷകാഹാരം എത്തിക്കുന്ന-28 ദശലക്ഷം അമേരിക്കന്‍ ഡോളർ ചെലവ് വരുന്ന പദ്ധതി- പ്രബോവോ സുബിയാൻ്റോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.

അടുത്ത ജനുവരിയില്‍ പൂർണമായി ആരംഭിക്കുമെന്ന് കണക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആരംഭിച്ചത്. അധികാരമൊഴിയുന്ന ജോക്കോ വിഡോഡോ സർക്കാരില്‍ പ്രതിരോധ വകുപ്പ് കെെകാര്യം ചെയ്തുവരവെ, സുബിയോന്‍റോയുടെ നേതൃത്വം ആരംഭിച്ച പദ്ധതി ഏപ്രിൽ മാസത്തോടെ ഇരട്ടിയാക്കുമെന്നും ജൂലൈയിൽ 15 ദശലക്ഷത്തിലെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രാജ്യത്തുടനീളം കുറഞ്ഞത് 5,000 അടുക്കളകളെങ്കിലും സ്ഥാപിച്ചായിരിക്കും നടപടി. പ്രാദേശികമായി ലഭ്യമായ ചേരുവകളും മസാലക്കൂട്ടുകളുപയോഗിച്ച് തയ്യാറാക്കുന്നത് ഭക്ഷണം രുചിയുള്ളതെന്ന് കുട്ടികളും സമ്മതിക്കുന്നു. എന്നാൽ പച്ചക്കറികൾ കഴിക്കാൻ കുട്ടികള്‍ക്ക് താത്പര്യമില്ലാതെ വരുമ്പോള്‍ വലിയതോതില്‍ ഭക്ഷണം പാഴാകുന്നു എന്നതടക്കം പ്രാരംഭഘട്ടത്തിലെ പ്രശ്നങ്ങളെ പരിഹരിച്ചുവേണം പദ്ധതിക്ക് മുന്നോട്ടുപോകാന്‍.

18-Oct-2024