പാലക്കാട് ഡോ. പി സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി; ചേലക്കരയില്‍ യു ആര്‍ പ്രദീപ്

കേരളത്തില്‍ നിയമസഭകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . പാലക്കാട് മണ്ഡലത്തില്‍ ഡോ പി സരിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് തീരുമാനിച്ചതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

ചില കോണ്‍ഗ്രസ് നേതാക്കളോടുള്ള അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസില്‍ നിന്ന് ഇടത് പാളയത്തിലെത്തിയ നേതാവാണ് ഡോ പി സരിന്‍. ചേലക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി യു ആര്‍ പ്രദീപിനേയും എം വി ഗോവിന്ദന്‍ മാസ്റ്റർ പ്രഖ്യാപിച്ചു.

രണ്ട് മണ്ഡലങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച് ജയിക്കാനാകുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫില്‍ പടയില്‍ തന്നെ പട ആരംഭിച്ചതായാണ് മനസിലാക്കുന്നത്. സിപിഐഎം ഏകകണ്ഠമായാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. പാലക്കാട്ടെ കോണ്‍ഗ്രസ് മൂവര്‍ സംഘത്തിന്റെ പിടിയിലാണ്.

പാലക്കാട് ബിജെപിയെ സഹായിക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തേയും ബിജെപിയേയും പരാജയപ്പെടുത്താനാകുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. തൃശ്ശൂരിലെ ജനകീയനായ നേതാവ് കെ രാധാകൃഷ്ണന് പകരക്കാരനായാണ് മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിനെ സിപിഐഎം മത്സരിപ്പിക്കുന്നത്. സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷന്റെ ചെയര്‍മാന്‍ കൂടിയാണ് പ്രദീപ്.

18-Oct-2024