പിഎഫ്‌ഐ പ്രവര്‍ത്തകരുടെ 56 കോടിയുടെ സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി; കൂടുതലും കേരളത്തില്‍

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്. ഇതില്‍ ഭൂരിഭാഗം സ്വത്തുക്കളും കേരളത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കണ്ടുകെട്ടിയവയില്‍ 35 സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടും.

സിംഗപ്പൂരിലും അറബ് നാടുകളിലുമായി പോപ്പുലര്‍ ഫ്രണ്ടിന് 13,000 സജീവ അംഗങ്ങള്‍ ഉണ്ടെന്നും മഞ്ചേരിയിലുള്ള പിഎഫ്‌ഐയുടെ സത്യസരണി കേന്ദ്രം ഇസ്ലാമിക മതപരിവര്‍ത്തനത്തിനുള്ള ഇടമാണെന്നും ഇഡി വ്യക്തമാക്കുന്നു. വിവിധ ബാങ്കിംഗ് ചാനലുകള്‍ വഴിയും ഹവാല, സംഭാവന എന്നീ രൂപങ്ങളിലും ഇന്ത്യക്ക് അകത്ത് നിന്നും പുറത്ത് നിന്നുമായി പിഎഫ്‌ഐയിലേക്ക് പണം ഒഴുകുന്നുണ്ട്. ഈ പണം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുമാണ് ഉപയോഗിക്കുന്നതെന്നും ഇഡി പുറത്തിറക്കിയ പ്രസ്താവയില്‍ പറയുന്നു.

29 ബാങ്ക് അക്കൗണ്ടുകളിലായാണ് പിഎഫ്‌ഐയുടെ അനധികൃത പണം നിക്ഷേപിച്ചിരിക്കുന്നതെന്നും ഇഡി കണ്ടെത്തി. ഇവ കേരള, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മുകശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങിലായാണ് ബാങ്ക് അക്കൗണ്ടുകളുള്ളത്.

19-Oct-2024