കോൺഗ്രസിൽ ഇനി ഉണ്ടാവുക പ്രാണികളുടെ ഘോഷയാത്ര: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
കോൺഗ്രസിൽ ഇനി ഉണ്ടാവുക പ്രാണികളുടെ ഘോഷയാത്രയെന്നും, അവിടെ ആർക്കും നിൽക്കാൻ കഴിയില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. കോൺഗ്രസിൽ പുറത്തായവർക്കെതിരെയുള്ള കെപിസിസി പ്രസിഡൻ്റ് കെ. സുധാകരന്റെ പ്രാണി പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് റിയാസ്. കോൺഗ്രസിൽ നിന്ന് രാജിവെച്ചു വന്നവരെക്കുറിച്ച് മര്യാദയില്ലാതെ സംസാരിക്കുന്നു.
കോൺഗ്രസിൽ ഓരോ ദിവസവും ഓരോ പൊട്ടിത്തെറിയാണ്. ബിജെപിയുമായി കോൺഗ്രസ് നടത്തുന്ന നാടകങ്ങളാണ് പുറത്തുവരുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുയോജ്യമാണെന്നും റിയാസ് കൂട്ടിച്ചേർത്തു.
സരിന്റെ സ്ഥാനാർഥിത്വം ന്യായീകരിച്ച മുഹമ്മദ് റിയാസ്, വ്യക്തിയുടെ ഇന്നലെകൾ മറന്നു സിപിഎം സ്വീകരിക്കുമെന്നും വ്യക്തമാക്കി. രാഷ്ട്രീയത്തെ വ്യക്തിപരമായി കാണുന്നില്ല. അത്തരം വ്യക്തികളോട് വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, സരിൻ പോയാൽ കോൺഗ്രസിന് ഒരു പ്രാണി പോയതിന് തുല്യം മാത്രമാണെന്ന് കെ. സുധാകരൻ ഇന്ന് പറഞ്ഞിരുന്നു. സരിനെ കണ്ടിട്ടല്ലല്ലോ ചേലക്കരയും പാലക്കാടും കോൺഗ്രസ് മത്സരത്തിനിറങ്ങുന്നത്. മുമ്പും കുറേപ്പേർ പാർട്ടി വിട്ട് പോയിട്ടുണ്ടെന്നും ഇതൊന്നും കോൺഗ്രസിനെ ബാധിക്കില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്.