എഡിഎമ്മിൻ്റെ മരണത്തിൽ സിപിഎമ്മിൻ്റെ നിലപാട് വ്യക്തം: തോമസ് ഐസക്

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ ഒരു പാർട്ടി നേതാവും ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ നടപടിയെ ന്യായീകരിച്ചിട്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. സിപിഎമ്മിന് ഒരു നിലപാടേയുള്ളു അത് കുടുംബത്തോടൊപ്പമാണെന്നും തോമസ് ഐസക് പറഞ്ഞു.

അണ്‍കണ്ടീഷണലായി തന്നെ പിപി ദിവ്യയുടെ പെരുമാറ്റത്തെ പാര്‍ട്ടി തള്ളിക്കളയുകയാണ്. ഡിവൈഎഫ്‌ഐ എന്താണ് പറഞ്ഞതെന്ന് അറിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലിരിക്കുന്നവര്‍ ഒരിക്കലും ഇത്തരത്തില്‍ പ്രതികരിക്കരുത്. അവ തിരുത്തപ്പെടേണ്ടതാണ്. ആരെ അറസ്റ്റ് ചെയ്യണം എന്നുള്ളത് രാഷ്ട്രീയ തീരുമാനമല്ല. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ പൊലീസ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

19-Oct-2024