സമരസൂര്യൻ വി.എസ്. അച്യുതാനന്ദന് ഇന്ന് 101ആം ജന്മദിനം
അഡ്മിൻ
കേരളത്തിന്റെ സമര സൂര്യന് ഇന്ന് 101 വയസ്. പഴയ നാടുവാഴിത്ത വ്യവസ്ഥിതിയിൽ ജനിച്ച്, സ്വാതന്ത്ര്യത്തിനായി പോരടിച്ച്, കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുത്ത്, ജനാധിപത്യ കേരളത്തിന്റെ മുഖ്യമന്ത്രിയായ വിഎസിന്റെ സമരജീവിതം നമ്മൾ നമ്മളായ ചരിത്രമാണ്. ഒരു നൂറ്റാണ്ടിന്റെ സമയരേഖയിൽ കൊടുങ്കാറ്റ് കൂടുകൂട്ടിയ ഒരു കാലത്തിന്, സഖാവ് വി.എസ്. അച്യുതാനന്ദന് ഇന്ന് പിറന്നാൾ.
നിരവധിയായ തടവറകൾ, സമരമുഖങ്ങൾ, സംഘർഷങ്ങൾ. അവിഭക്ത പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നിങ്ങനെ സംഘടനാ ചുമതലകൾ വലുതായി. 57ൽ ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരമേൽക്കുമ്പോൾ വി.എസ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒൻപത് പേരിലൊരാൾ.
പിന്നീട് 64ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച 32 പേരിൽ ഒരാൾ. അതിലിനിയും ബാക്കി വി.എസ് മാത്രം. ഭൂമിയുടെ ഇടതു രാഷ്ട്രീയം, വിയർപ്പൊഴുക്കുന്നവന്റെ വിമോചന രാഷ്ട്രീയം, സ്ത്രീപക്ഷ രാഷ്ട്രീയം നിരന്തരം പോർമുഖങ്ങൾ തുറന്ന വി.എസ് സമരകേരളത്തിന്റെ മനസാക്ഷിയായി, ഒരു നിതാന്ത സമരജീവിതം.
2019ലെ പുന്നപ്ര വയലാർ രക്തസാക്ഷി അനുസ്മരണത്തിൽ പങ്കെടുത്ത് ആലപ്പുഴയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിടപ്പിലായത്. പിന്നെ പൊതുവേദികളിൽ വി.എസിന് എത്താനായില്ല, രാഷ്ട്രീയ പ്രതികരണങ്ങളുണ്ടായില്ല. തിരുവനന്തപുരത്തെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമാണ് വി.എസ്. വാർത്തകളെല്ലാം ചോദിച്ചറിയുന്നുണ്ടെന്നും, പത്രം വായിച്ചുകേൾപ്പിക്കാറുണ്ടെന്നും മകൻ അരുൺ കുമാർ പറയുന്നു.