ബിജെപിയെ ഭയന്ന് പ്രിയങ്ക ഗാന്ധി ഒളിച്ചോടിയാണ് വയനാട്ടില്‍ എത്തിയത്: സത്യൻ മൊകേരി
അഡ്മിൻ
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. മണ്ഡലത്തിലെ ഒരു വിഷയത്തിലും രാഹുല്‍ ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലത്തില്‍ ഒരു വികസനവും കൊണ്ട് വരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
'രാഹുല്‍ ഗാന്ധി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. അഞ്ച് ലക്ഷം വോട്ടിന് ജയിക്കും എന്ന് പറയുന്നത് ഭയം കൊണ്ടാണ്. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളെ കാണാന്‍ കഴിഞ്ഞില്ല. ഉപതിരഞ്ഞെടുപ്പിന് കാരണം രാഹുല്‍ ഗാന്ധിയാണ്.
വയനാട്ടിലെ ജനങ്ങള്‍ യുഡിഎഫിന് എതിരായ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പോകുകയാണ്. ഇടതുപക്ഷത്തിന് വലിയ സ്വാധീനമുളള മണ്ഡലമാണ് വയനാട്', അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പോലും പരാജയപ്പെട്ട ചരിത്രമുണ്ടെന്നും സത്യന്‍ മൊകേരി പറഞ്ഞു.
ബിജെപിയെ ഭയന്ന് പ്രിയങ്ക ഗാന്ധി ഒളിച്ചോടിയാണ് വയനാട്ടില്‍ എത്തിയതെന്നും പ്രിയങ്ക മത്സരിക്കേണ്ടിയിരുന്നത് ബിജെപി ശക്തി കേന്ദ്രങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്ക കുറച്ച് കൂടി നല്ല സ്ഥലം കിട്ടുമ്പോള്‍ അവിടേക്ക് പോകുമെന്നും സത്യന്‍ മൊകേരി വിമർശിച്ചു.