പാലക്കാട് കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്ക്
അഡ്മിൻ
പാലക്കാട് മണ്ഡലത്തിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജിക്കൊരുങ്ങുന്നുവെന്ന് വിവരം. ഐ ഗ്രൂപ്പിൽ പെട്ടവരാണ് രാജിക്കൊരുങ്ങുന്നത്. പ്രവർത്തകർ അടുത്ത ദിവസം നിലപാട് വ്യക്തമാക്കി രംഗത്തിറങ്ങുമെന്നാണ് സൂചന. നേരത്തെ, കോൺഗ്രസ് വിട്ടെന്ന് പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്, പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സൂചന നൽകിയിരുന്നു.
സ്ഥാനാർഥിത്വം ആരെ ബാധിക്കും എന്ന് ആലോചിച്ചാവും അന്തിമ തീരുമാനമെന്ന് ഷാനിബ് പറഞ്ഞു. കോൺഗ്രസിലുള്ളവർ സ്ഥാനാർഥിയാവാൻ ആവശ്യപ്പെടുന്നുണ്ട്. താൻ രക്തസാക്ഷിയാണ്. കോൺഗ്രസ് നേതൃത്വവുമായി ഇനി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്നും ഷാനിബ് വ്യക്തമാക്കി. എ.കെ ഷാനിബിന് പിന്നാലെ യൂത്ത് കോൺഗ്രസ് കപ്പുർ മുൻ മണ്ഡലം പ്രസിഡണ്ട് വിമൽ പി.ജി.യും പാർട്ടി വിടുന്നുവെന്ന വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു
പാലക്കാട് കോൺഗ്രസ ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതു മുതൽ പാർട്ടിക്കുള്ളിലെ ചില അസ്വാരസ്യങ്ങൾ പുറത്തുവന്നിരുന്നു. പാർട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് പി. സരിൻ പുറത്തുപോയതിനു പിന്നാലെയാണ് ഷാനിബും കോൺഗ്രസിനെതിരെ രംഗത്തെത്തിയത്. അമർഷം കടിച്ചമർത്തി നിരവധിപേരാണ് കോൺഗ്രിസിനുള്ളിലുള്ളതെന്നും, വരും ദിവസങ്ങളിൽ കൂടുതൽ പേർ രംഗത്തെത്തിയേക്കാമെന്നും സരിൻ പറഞ്ഞിരുന്നു.