കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടസമുണ്ടെന്ന് പ്രധാനമന്ത്രി

ന്യുഡല്‍ഹി : പ്രളയക്കെടുതികളെ അതിജീവിക്കുന്ന കേരളത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി ധാരാളം സമയം അനുവദിച്ചെന്നും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ആദ്ധേഹം വിവിധ മന്ത്രാലയങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

കേന്ദ്രദുരിതാശ്വാസ നിധിയില്‍ നിന്നും 4796 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം ലോകബാങ്ക്, എഡിബി, ഐഎഫ്‌സി എന്നീ സ്ഥാപനങ്ങളുടെ സംയുക്ത സഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവശ്യപ്പെട്ടു. പുനര്‍നിര്‍മാണത്തിന് പ്രാഥമികമായി 25000 കോടി രൂപയാണ് കണക്കാക്കുന്നത്. ഇതിന്റെ കൃത്യമായി കണക്ക് ഒക്ടോബര്‍ മധ്യത്തോടെ വരും. സംസ്ഥാനത്തെ 80 ശതമാനത്തോളം ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ദുരിതമാണിത്. ഇതിന്റെ ആഴവും വ്യാപ്തിയും കണക്കെടുക്കാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിന് ഇല്ല. നിര്‍ലോഭമായ കേന്ദ്ര സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്, അത് പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വായ്പ തോത് നിലവില്‍ 3 ശതമാനം ആണ്. ഇത് 4.5 ശതമാനമാക്കി വര്‍ധിപ്പിക്കണം. അടുത്ത വര്‍ഷം 3.5 ശതമാനമായി നിജപ്പെടുത്തുകയും വേണം. രണ്ട് വര്‍ഷം 16000 കോടി രൂപയുടെ അധിക വായ്പ ലഭ്യമാകാന്‍ ആണ് ഇളവ് അവശ്യപ്പെട്ടത്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്  വീട് വെച്ച് നല്‍കും. 2500 കോടി രൂപ ഇതിനായി വേണ്ടതായിട്ടുണ്ട്.  കേന്ദ്ര റോഡ് ഫണ്ട് ഇനത്തില്‍ 20181-9 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3000 കോടി രൂപയുടെ സഹായം നല്‍കണം. ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

പ്രളയത്തില്‍ ആയിരക്കണക്കണക്കിന് ഹെക്ടര്‍ കൃഷി നശിച്ചു. ഗതാഗതം വന്‍ തോതില്‍ തകരാറിലായിട്ടുണ്ട്. റോഡ് വന്‍തോതില്‍ തകരാറിലായി, പാലങ്ങള്‍ തകര്‍ന്ന് പോയി. ലക്ഷക്കണക്കിന് ആളുകളുടെ ജീവനോപാധി നഷ്ടപ്പെട്ടു. നല്ല രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഘട്ടം കഴിഞ്ഞുവെന്നും സംസ്ഥാനത്ത്  ക്യാമ്പുകളില്‍ ഇപ്പോഴും  700 കുടുംബങ്ങള്‍  കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ കെട്ടിക്കിടക്കുന്ന ചെളി പൂര്‍ണമായും നീക്കം ചെയ്തു. 6 ലക്ഷം വീടുകള്‍ പൂര്‍ണമായും വൃത്തിയാക്കാന്‍ സാധിച്ചു. കിണറുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനവും നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞു. അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനവും നടത്തിയിട്ടുണ്ട്.  പകര്‍ച്ച വ്യാധികളെ തടയാന്‍ മുന്‍ കരുതലെടുക്കാന്‍ സാധിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടത്തുണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളം പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും കൂടിക്കാഴ്ച്ചക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

26-Sep-2018