തിരുവനന്തപുരം : പ്രളയംകൊണ്ട് തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സഹായത്തിന് തുരങ്കം വെച്ച് കോണ്‍ഗ്രസും ബി ജെ പിയും.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ സാലറി ചലഞ്ചിന് തുരങ്കം വെച്ച് കോണ്‍ഗ്രസ്, ബി ജെ പി സര്‍വീസ് സംഘടനകള്‍.
ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളം നല്‍കി പത്ത് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കുക എന്നതാണ് സാലറി ചലഞ്ച് പരിപാടി. മാസത്തില്‍ ചെറിയ വിഹിതമാണ് മാറ്റിവെയ്ക്കപ്പെടുക എന്നുള്ളതുകൊണ്ട് വലിയ ബാധ്യത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവുകയുമില്ല. വസ്തുത ഇതായിരിക്കെ സാലറി ചലഞ്ച് പൊളിക്കാനാണ് കോണ്‍ഗ്രസ്, ബി ജെ പി നേതൃത്വത്തിലെ ഒരു വിഭാഗം കൊണ്ടുപിടിച്ച് പരിശ്രമിക്കുന്നത്. ഇവരുടെ പിന്തുണയോടെയാണ് ആ പാര്‍ടികളുടെ സര്‍വ്വീസ് സംഘടനകളിലുള്ളവര്‍ സാലറി ചലഞ്ചിനോട് പിന്തിരിഞ്ഞ് നില്‍ക്കുകയും സഹകരിക്കില്ലെന്ന ഹേറ്റ് ക്യാമ്പയിനുമായി മുന്നോട്ടുപോവുകയും ചെയ്യുന്നത്.
എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരോട് സാലറി ചലഞ്ചില്‍ പങ്കാളികരാകരുതെന്ന് ചില മാനേജ്‌മെന്റുകളും പറയുന്നുണ്ട്. സര്‍ക്കാര്‍ വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയുമുള്ളവര്‍ സാലറി ചലഞ്ചിനെ എതിര്‍ക്കുമ്പോള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള സാധ്യതയാണ് ഇല്ലാതാവുന്നത്.
അതേസമയം സാലറി ചലഞ്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ അത്ര പ്രശ്‌നമുള്ള വിഷയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശമ്പളം നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. താല്‍പ്പര്യമുള്ളവര്‍ പങ്കാളിയായാല്‍ മതി. എന്നാല്‍, കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയാകാതെ മാറി നില്‍ക്കുന്നവരോട് അവരുടെ കുട്ടികള്‍ ചോദിക്കില്ലെ? കുട്ടികളോട് അവര്‍ എന്ത് പറയുമെന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചോദിച്ചു.