ബ്രിജ്ഭൂഷണ്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആത്മകഥയില്‍ സാക്ഷി മാലിക്

റെസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്. 2012ല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ശ്രമിച്ചതായി ഗുസ്തി താരം അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥയായ 'വിറ്റ്നസ്'ല്‍ വെളിപ്പെടുത്തുന്നു.

കസാക്കിസ്ഥാനിലെ അല്‍മാറ്റിയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെ, മാതാപിതാക്കളുമായി സംസാരിക്കാനെന്ന വ്യാജേന സിംഗ് തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ചതായി മാലിക് തന്റെ പുസ്തകത്തില്‍ പറയുന്നു. കോള്‍ അവസാനിച്ചപ്പോള്‍, സിംഗ് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സിംഗിനെ തള്ളിമാറ്റി മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് താന്‍ ഓടിപ്പോയെന്ന് സാക്ഷി മാലിക് ഉറപ്പിച്ചു പറയുന്നു.

'സിംഗ് എന്നെ എന്റെ മാതാപിതാക്കളുമായി സംസാരിപ്പിച്ചു. അത് നിരുപദ്രവകരമായി തോന്നി. എന്റെ മത്സരത്തെക്കുറിച്ചും മെഡലിനെക്കുറിച്ചും അവരോട് സംസാരിച്ചപ്പോള്‍, ഒരു പക്ഷേ അനിഷ്ടകരമായ ഒന്നും സംഭവിച്ചേക്കില്ല എന്ന് ഞാന്‍ ചിന്തിച്ചത് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഞാന്‍ കോള്‍ അവസാനിപ്പിച്ചതിന് ശേഷം, അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ അയാളെ തള്ളിമാറ്റി കരയാന്‍ തുടങ്ങി,' സാക്ഷി മാലിക് പുസ്തകത്തില്‍ എഴുതുന്നു.

ബ്രിജ് ഭൂഷണ്‍ ശക്തനായതിനാലാണ് താന്‍ ഇത്രയും കാലം നിശബ്ദത പാലിച്ചതെന്നും അയാള്‍ക്ക് തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന് താന്‍ കരുതിയിരുന്നതായും സാക്ഷി പറഞ്ഞു.

24-Oct-2024