ശബരിമല റോപ്പ്‌വേയ്ക്ക് ഈ തീർഥാടനകാലത്ത് തുടക്കം കുറിക്കും: മന്ത്രി വി.എൻ. വാസവൻ
അഡ്മിൻ
ഈ തീർഥാടനകാലത്ത് ശബരിമലയിൽ റോപ്പ്‌വേയ്ക്ക് തുടക്കം കുറിക്കാനാകുമെന്നു ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങൾ സംബന്ധിച്ചു എരുമേലി ദേവസ്വം ഹാളിൽ ചേർന്ന അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സമീപ ഭാവിയിൽ റോപ്‌വേ യാഥാർഥ്യമാക്കാനുള്ള നടപടികളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. റോപ്പ്‌വേയുമായി ബന്ധപ്പെട്ടു റവന്യൂ, വനം, ദേവസ്വം വകുപ്പു മന്ത്രിമാരുടെ മൂന്നുയോഗങ്ങൾ ഇതിനോടകം നടന്നു. ബന്ധപ്പെട്ട എല്ലാവരും ചേർന്ന അവസാനയോഗം കഴിഞ്ഞദിവസം പൂർത്തീകരിച്ചു. 2.7 കിലോമീറ്ററാണ് റോപ്‌വേ വരാൻ പോകുന്നത്. റോപ്‌വേയ്ക്ക് എടുക്കുന്നതിന് പകരം ഭൂമി വനം വകുപ്പിന് നൽകണം. കൊല്ലം ജില്ലയിൽ പകരം ഭൂമി നൽകാൻ റവന്യൂവകുപ്പ് അന്തിമതീരുമാനമെടുത്തിട്ടുണ്ട്.
ഈ തീർഥാടനകാലത്ത് റോപ്‌വേ യാർഥാർഥ്യമായില്ലെങ്കിലും തുടങ്ങിവയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയിൽ നിന്ന് സന്നിധാനം വരെയാകും റോപ്‌വേ. തീർഥാടകരെയും രോഗികളായവരെയും പല്ലക്കിൽ ചുമന്നുകൊണ്ടുപോകുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.