ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

കണ്ണൂർ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ ഇലക്‌ട്രീഷ്യനായ ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ.പ്രശാന്ത് സര്‍വീസില്‍ ഇരിക്കെ പെട്രോള്‍ പമ്ബിന് അപേക്ഷ നല്‍കിയതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിർദേശം നല്‍കിയിരുന്നു.ഇതു സംബന്ധിച്ച്‌ ആരോഗ്യസെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെയും ജോയിന്‍റ് ഡിഎംഒയും അടങ്ങിയ സമിതി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

പ്രശാന്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ അന്വേഷിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പ്രശാന്ത് സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഉണ്ടായിരുന്ന ജീവനക്കാരനാണെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

പെട്രോള്‍ പമ്പിനു എൻഒസി നല്‍കിയതില്‍ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി.ദിവ്യ കുറ്റപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ദിവ്യക്കെതിരെ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്.

25-Oct-2024