റഷ്യയുമായുള്ള സെെനിക സഹകരണം തള്ളാതെ ഉത്തരകൊറിയ

റഷ്യയ്ക്കുവേണ്ടി 3000 ത്തോളം സെെനികരെ കെെമാറിയെന്ന യുക്രെയ്ന്‍റെ ആരോപണം തള്ളാതെ ഉത്തരകൊറിയ. അന്താരാഷ്ട്രനിയമങ്ങള്‍ അനുസരിച്ച് റഷ്യയെ പിന്തുണക്കുമെന്ന ഉത്തരകൊറിയയുടെ ഔദ്യോഗിക പ്രതികരണം വന്നതോടെ, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സെെനിക സഹകരണം സ്ഥിരീകരിക്കപ്പെടുകയാണ്.

ഉത്തര കൊറിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെെനിക വിന്യാസങ്ങളിലൊന്നാകും ഇതെന്നാണ് സൂചന. വിയറ്റ്നാം യുദ്ധത്തില്‍ അമേരിക്കൻ-ദക്ഷിണ കൊറിയൻ സെെന്യത്തിനെതിരെ ആയിരത്തോളം സെെനികരെ അയച്ചതില്‍ നിന്ന് തുടങ്ങുന്നു ഉത്തര കൊറിയയുടെ സെെനിക സഹകരണങ്ങളുടെ സ്ഥിരീകരിക്കപ്പെട്ടതും അല്ലാത്തതുമായ ഗൂഢചരിത്രം.

1966 നും 1972 നും ഇടയില്‍ ഉത്തര കൊറിയയുടെ നൂറുകണക്കിന് വ്യോമസേനാ പെെലറ്റുമാരെയടക്കം വിയറ്റ്നാം യുദ്ധത്തില്‍ വിന്യസിച്ച കാര്യം 2017 ല്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം പുറത്തുവിട്ടിരുന്നു. 1967 മുതൽ 1969 കാലയളവില്‍ ഈ സേന ചുരുങ്ങിയത് 26 യുഎസ് വിമാനങ്ങൾ വെടിവെച്ചിട്ടെന്നും 14 ഉത്തര കൊറിയന്‍ സെെനികർ യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നും വിയറ്റ്നാമിലെ ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയിരുന്നു.

പശ്ചിമേഷ്യയില്‍ സിറിയയുമായും ഇറാനുമായും ഉത്തരകൊറിയക്ക് ദീർഘകാലത്തെ സെെനിക സഹകരണം ഉണ്ടായിട്ടുണ്ട്. സിറിയയും ഉത്തര കൊറിയുമായുള്ള രാസ ആയുധ സഹകരണം ശരിവെച്ച് 2007 ല്‍ വടക്കൻ സിറിയയിലെ ഉത്തര കൊറിയയുടെ പ്ലൂട്ടോണിയം ആണവകേന്ദ്രം ഇസ്രയേല്‍ സെെന്യം തകർത്തിരുന്നു.

26-Oct-2024