മഅദനിയെക്കുറിച്ച് പറയാൻ അല്ല പുസ്തകം എഴുതിയത്: പി ജയരാജൻ
അഡ്മിൻ
മഅദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് സിപിഎം നേതാവ് പി ജയരാജൻ. മഅദനിയുടെ പ്രസംഗത്തിൽ വിമർശനം ഉണ്ടായിരുന്നു എന്നത് വസ്തുത ആണ്. പിൽക്കാലത്തു മഅദനി നിലപാടിൽ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തിൽ ഉള്ളത്.
മഅദനിയെക്കുറിച്ച് പറയാൻ വേണ്ടിയാണ് പുസ്തകമെന്ന് ചിലർ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജൻ പറഞ്ഞു. 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകത്തിലെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.
1998 ജൂലായിലാണ് പൂന്തുറയിൽ വർഗീയ കലാപം ഉണ്ടായത്. കലാപത്തിന് ദിവസങ്ങൾക്ക് മുമ്പ് മഅ്ദനി അവിടെ നടത്തിയ പ്രസംഗവും ഐഎസ് എസിൻ്റെ തുടർന്നുള്ള വിഷലിപ്തമായ പ്രവർത്തനങ്ങളും പൂന്തുറ കലാപം വളർത്തുന്നതിന് ബലമേകി. ഇത് 2008ൽ പറഞ്ഞതാണ്. മഅ്ദനി നടത്തിയ പ്രസംഗങ്ങൾ യുവാക്കൾക്കിടയിൽ തീവ്രവാദ ആശയങ്ങൾ സ്വാധീനിക്കാൻ കഴിഞ്ഞു.
എന്നാൽ കോയമ്പത്തൂർ ബോംബ് സ്ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതിന് ശേഷം മഅ്ദനിയുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. അതാണ് വസ്തതുതയെന്നും ചരിത്രമെന്നും പി ജയരാജൻ പറഞ്ഞു. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന മഅ്ദനിയെ ആക്ഷേപിക്കുന്നു എന്ന പ്രചാരണം ഞാൻ നേരത്തെ പറഞ്ഞ അർത്ഥത്തിലാണ്. കാണാതെ, തൊട്ടുനോക്കി ഇങ്ങനെയാണെന്ന് പറയുകയാണ്. 2008ൽ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.