തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും അരലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തിയെന്നതാണ് കേസ്. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു ഇതരജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയത്. വിവാഹത്തിന്റെ 88-ാം നാളിലായിരുന്നു കൊലപാതകം.

അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.
രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഹരിതയുടെ മൊഴിയാണ് കേസിൽ നിർണായകമായത്.

28-Oct-2024