മുണ്ടക്കൈചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ല: മുഖ്യമന്ത്രി

രാജ്യത്തെ ദാരിദ്ര്യം അടക്കമുള്ള മറ്റു പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍ ശ്രമം നടത്തുന്നു. വസ്തുതകളെ മറച്ച് അവരുടെ രീതിയില്‍ ചരിത്രം മാറ്റുന്നു. വിദ്യാഭ്യാസ മേഖലയെ ഇതിനായി ഉപയോഗിക്കുന്നു. യഥാര്‍ഥ സംഭവങ്ങളെ മറയ്ക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 78-ാം പുന്നപ്ര വയലാര്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മുണ്ടക്കൈചുരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയില്ല. നേരത്തേ ദുരന്തങ്ങള്‍ ഉണ്ടായപ്പോഴും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു നിഷേധാത്മക സമീപനമാണു സ്വീകരിച്ചത്. എല്ലാവരെയും സഹകരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കും. പണമായും സാധനങ്ങളായും സഹായിക്കാന്‍ സന്നദ്ധരായവരെ ഒന്നിച്ചു കൂട്ടും. വയനാട്ടിലെ ഹതഭാഗ്യരെ കൈവിടില്ല, പുനരധിവാസം ഉറപ്പാക്കി സംരക്ഷിക്കും. ഇതിനുശേഷം ദുരന്തമുണ്ടായ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം സഹായം നല്‍കി. പലതവണ ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നിയമസഭ പ്രമേയം പാസാക്കി. ഇതുവരെ ഒരു സഹായവുമില്ല, പ്രതികരണവുമില്ല.

കേന്ദ്രസഹായം കിട്ടിയാലും ഇല്ലെങ്കിലും പുനരധിവാസം ഉറപ്പാക്കും. ദുരന്തം ഉണ്ടാകാനിടയില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തി ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കും. നാലു വോട്ടിനുവേണ്ടി വര്‍ഗീയതയോടു സന്ധി ചേരില്ല. അങ്ങനെയൊരു നിലപാട് സ്വീകരിക്കില്ല. വര്‍ഗീയതയോടു യോജിപ്പില്ല എന്നു പറഞ്ഞിട്ടു കാര്യമില്ല, കമ്യൂണിസ്റ്റുകാര്‍ പറയുന്നതുപോലെ കോണ്‍ഗ്രസിനു പറയാന്‍ പറ്റുമോ? ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ വൊളന്റിയര്‍മാരെ അയച്ചുവെന്നാണു കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞത്. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ തിരിതെളിച്ചു പ്രതിപക്ഷ നേതാവ് കൈകൂപ്പി നിന്നു. സംഘപരിവാറിനായി കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയെ ബലികൊടുത്തു, അതാണു തൃശൂരിലെ തിരഞ്ഞെടുപ്പില്‍ കണ്ടത്.

പല ഘട്ടത്തിലും കോണ്‍ഗ്രസും ആര്‍എസ്എസും തമ്മില്‍ ധാരണയുണ്ടായി. ഇഎംഎസ് പട്ടാമ്പിയില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ജനസംഘം ധാരണ ഉണ്ടായിരുന്നു. മലപ്പുറത്തെക്കുറിച്ചു ഞാന്‍ പറഞ്ഞതിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. ജനസംഖ്യാനുപാതികമായി ഏറ്റവും കുറവ് കേസുകള്‍ ഉള്ളത് മലപ്പുറത്താണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല, അവരുടെ വിരല്‍ത്തുമ്പില്‍ കണക്കുകളുണ്ട്. ആര്‍എസ്എസിന്റെ മറ്റൊരു പതിപ്പാണ് ജമാഅത്തെ ഇസ്‌ലാമി. ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും യുഡിഎഫിനെ സഹായിക്കുന്നു. കശ്മീരില്‍ സിപിഎമ്മിന്റെ തരിഗാമിയെ തോല്‍പിക്കാന്‍ ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും കൂട്ടുചേര്‍ന്നു.

വര്‍ഗീയ പ്രശ്‌നങ്ങളോട് ഇടതുപക്ഷം ശക്തമായി ഇടപെടും, അതു തുടരും. അതുകൊണ്ടാണു കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമില്ലാത്തത്. എല്‍ഡിഎഫ് ന്യൂനപക്ഷ വിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ചു പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. വര്‍ഗീയതയ്‌ക്കെതിരായ കോണ്‍ഗ്രസ് നിലപാടിനെ ആരാണു വിലവയ്ക്കുന്നത്? വര്‍ഗീയ ശക്തികള്‍ക്ക് ആളെ കൂട്ടാന്‍ കോണ്‍ഗ്രസ് സഹായം ചെയ്യുന്നു. എല്‍ഡിഎഫിനു തുടര്‍ഭരണം ലഭിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ കോണ്‍ഗ്രസിനു മാറിയിട്ടില്ല. നിലതെറ്റിയ അവസ്ഥയില്‍ എല്ലാവരെയും കൂടെ ചേര്‍ക്കുകയാണ് അവര്‍” പിണറായി പറഞ്ഞു.

28-Oct-2024