വേമ്പനാട് കായല്‍ പുരുജ്ജീവനവും സംരക്ഷണവും ശില്പശാല ഉദ്ഘാടനം ചെയ്തു
അഡ്മിൻ
വേമ്പനാട് കായല്‍ സംരക്ഷിക്കണമോ വേണ്ടയോ എന്നത് വോട്ടിനിട്ട് തീരുമാനിക്കേണ്ട വിഷയമല്ല, ശാസ്ത്രീയതയായിരിക്കണം അതിന്റെ മാനദണ്ഡമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വേമ്പനാട് കായല്‍ പുരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഏകദിന ശില്പശാല ആലപ്പുഴ കയര്‍ ക്രാഫ്റ്റ് കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വേമ്പനാട് കായല്‍ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. കക്കൂസ്, ഫാക്ടറി മാലിന്യങ്ങളടക്കം എല്ലാ മാലിന്യങ്ങളും തള്ളാനുള്ള കുപ്പത്തൊട്ടിയായി മാറിയിരിക്കുകയാണ് വേമ്പനാട് കായലെന്ന് മന്ത്രി പറഞ്ഞു. ഇത് കായലിലെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നിലവിലെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ കാല് നൂറ്റാണ്ടിനപ്പുറം വേമ്പനാട്ട് കായല്‍ അവശേഷിക്കില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. വികസനത്തിന്റെ പേര് പറഞ്ഞ് ശാസ്ത്രീയമായ കാര്യങ്ങളെ മറച്ചു വെക്കരുത്.
വയലുകളും തണ്ണീര്‍ത്തടങ്ങളും പ്രകൃതിയില്‍ നിര്‍വഹിക്കുന്ന ദൗത്യം ഇന്നും നമുക്ക് തിരിച്ചറിയാനായിട്ടില്ല. വേമ്പനാട് കായലില്‍ ലവണാംശം കൂടുകയാണ്. ഇത് കുടിവെള്ളത്തെയും കൃഷിയെയും വലിയ തോതില്‍ ബാധിക്കും. മുമ്പുണ്ടായിരുന്ന ഒട്ടേറെ മല്‍സ്യ ഇനങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. വേമ്പനാട് കായലിന്റെ വെള്ളം സംഭരിക്കാനുള്ള ശേഷിയിലും 75 ശതമാനത്തോളം കുറവുണ്ടായതായാണ് പഠനങ്ങള്‍ പറയുന്നത്. ഗൗരവമായി കാണേണ്ട വിഷയമാണിത്. നിലവിലുള്ള കായലിനെയെങ്കിലും സംരക്ഷിച്ചേ മതിയാകൂ.
തണ്ണീര്‍മുക്കം ബണ്ടിനെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റിങ് ആവശ്യമാണ്. ബണ്ടിന്റെ പ്രവര്‍ത്തനത്തിലെ ശാസ്ത്രീയതയെക്കുറിച്ച് പരിശോധന ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴയിലെ പ്രധാന കനാലായ എ എസ് കനാല്‍ പലയിടത്തായി മുറിഞ്ഞു പോയിരിക്കുകയാണ്. ജലാശയങ്ങളെ ദയാവധത്തിന് വിധേയമാക്കുകയാണ്. കുട്ടനാടിന്റെ പാരിസ്ഥിതിക സംതുലനത്തെയും കൃഷിയെയും സംരക്ഷിക്കാനാകണം. ടൂറിസം നമുക്ക് ആവശ്യമാണ്. പക്ഷേ ടൂറിസം വികസനം ഇവിടുത്തെ ജനതയുടെ ജീവിതത്തെ ബാധിക്കരുത്-മന്ത്രി പറഞ്ഞു.
പി പി ചിത്തരഞ്ജന് എം എല്‍ എ അധ്യക്ഷത വഹിച്ചു. കേവലം നാല് ജില്ലകളെ മാത്രമല്ല, സംസ്ഥാനത്തെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുന്ന വിഷയമാണ് വേമ്പനാട് കായലിന്റെ നാശമെന്ന് എം എല്‍ എ പറഞ്ഞു. നാളേക്കായി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് വേമ്പനാട് കായലിന്റെ സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്, ആലപ്പുഴ നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്സണ്‍, ബിനു ഐസക് രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് സ്വാഗതവും സബ് കളക്ടര്‍ സമീര്‍ കിഷന് നന്ദിയും പറഞ്ഞു.
28-Oct-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ