നീലേശ്വരം വെടിക്കെട്ടപകടം; 13 ആശുപത്രികളിലായി 101 പേര്‍ ചികിത്സയിൽ: മന്ത്രി കെ.രാജന്‍
അഡ്മിൻ
കാസര്‍കോട് നീലേശ്വരത്തെ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് 101 പേര്‍ വിവിധ 13 ആശുപത്രികളിലായി ചികിത്സയിലാണെന്ന് മന്ത്രി കെ. രാജന്‍. ഇതില്‍ 80 പേര്‍ വാര്‍ഡുകളിലും 21 പേര്‍ ഐസിയുവിലുമാണ്. ഐസിയുവില്‍ ഉള്ളവരില്‍ ഒരാളുടെ നില ഗുരുതരവും 7 പേര്‍ വെന്റിലേറ്ററിലുമാണ്. പരിക്കേറ്റവരില്‍ ആറ് പേര്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ മിംസ് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആറ് പേരില്‍ നാല് പേര്‍ വെന്റിലേറ്ററിലാണ്. നാലു വയസ്സുള്ള ഒരു കുട്ടിയെ പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയിലെ പ്രത്യേക മെഡിക്കല്‍ സംഘമായി കൂടിയാലോചന നടത്തിയതായി മന്ത്രി അറിയിച്ചു. വെന്റിലേറ്ററില്‍ ഉള്ളവരില്‍ അറുപത് ശതമാനം പൊള്ളലേറ്റവരുണ്ട്. അവരുടെ വിദഗ്ധ ചികിത്സയ്ക്കായി സ്‌കിന്‍ ഗ്രൈന്‍ഡിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലെ ആശുപത്രി, പൊള്ളല്‍ ചികില്‍സിക്കുന്ന നാഷണല്‍ ബേണ്‍ സെന്റര്‍ എന്നിവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു.
സ്‌കിന്‍ ഗ്രൈന്‍ഡിങ്ങിന് എല്ലാവിധ സൗകര്യവും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉണ്ടെങ്കിലും തൊലി ദാനം ചെയ്യുക എന്നത് കേരളത്തില്‍ പ്രചാരത്തില്‍ ഇല്ലാത്തതിനാല്‍ ദാതാവിനെ കിട്ടാത്ത അവസ്ഥയാണ്. ഇത് കാരണം സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട് എന്ന് മന്ത്രി പറഞ്ഞു. മറ്റ് അവയവങ്ങളെ പോലെ തൊലി ദാനം ചെയ്യാന്‍ കേരളത്തില്‍ ആളുകള്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.