നാവിക സേനയുടെ നിർമിതിയും റിലയൻസിനെ ഏൽപ്പിക്കാൻ നീക്കം

ന്യൂഡല്‍ഹി : നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണെന്ന്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. നാവിക സേനയുടെ ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് (എല്‍പിഡി) നിര്‍മാണകരാര്‍  റിലയന്‍സിന് നല്‍കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാര്‍ നീക്കവും കോടികളുടെ കോഴപ്പണം ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ആരോപണം ഉയരുന്നത്. ആര്‍ എസ് എസ് കേന്ദ്രീയ കാര്യാലയത്തില്‍ നിന്നുള്ള നിര്‍ദേശമാണ് ഇവിടെയും പ്രവര്‍ത്തികമാക്കുന്നത്. 

പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചി കപ്പല്‍ശാലയെയും ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിനെയും ഒഴിവാക്കിയാണ്  നാവിക സേനയുടെ 20,000 കോടി രൂപയുടെ ലാന്‍ഡിങ് പ്ലാറ്റ്‌ഫോം ഡോക്ക് (എല്‍പിഡി) നിര്‍മാണകരാര്‍  റിലയന്‍സിന് നല്‍കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാര്‍ നീക്കം റാഫേല്‍ അഴിമതിയോട് സാമ്യമുള്ളതാണ്. റിലയന്‍സ് നേവല്‍ എന്‍ജിനിയറിങ് ലിമിറ്റഡിന് എല്‍പിഡി നിര്‍മിക്കാനാവശ്യമായ സാങ്കേതിക  സാമ്പത്തിക ത്രാണിയില്ലെന്ന പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിനെ മറികടന്നാണ് മോഡിയും കൂട്ടരും റിലയന്‍സിനെ സഹായിക്കാന്‍ ശ്രമിക്കുന്നത്.

2011ലാണ് നാവികസേനയ്ക്കായി 220 മീറ്റര്‍ നീളവും 20,000 ടണ്‍ കേവുഭാരവുമുള്ള നാല് എല്‍പിഡി വെസലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യുപിഎ സര്‍ക്കാര്‍ ഇതില്‍ രണ്ടെണ്ണം ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിന് നല്‍കി. ബാക്കി രണ്ടെണ്ണം ടെന്‍ഡര്‍ ചെയ്യാനും തീരുമാനിച്ചു. എന്നാല്‍, അന്നും കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്നുപോലും ഒഴിവാക്കി. വിമാനവാഹിനി കപ്പല്‍(ഐഎസി) നിര്‍മാണം നടക്കുന്നതിനാല്‍ എല്‍പിഡി നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്കുശേഷിയുണ്ടാകില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, വിമാനവാഹിനിക്കപ്പലിന്റെ ഉരുക്കുപണികള്‍ ഏതാണ്ട് ഭൂരിഭാഗവും നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. അതൊന്നും പരിഗണിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ കൊച്ചി കപ്പല്‍ ശാലയെ തഴഞ്ഞത്.

2013ല്‍ പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് ഇത് സംബന്ധിച്ച് കപ്പല്‍ശാല ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷയത്തെ കുറിച്ച് പഠിക്കാന്‍ ഒരുസമിതിയെ നിയോഗിച്ചു. എല്‍പിഡിയുടെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയ്ക്കു നേരിട്ട് നല്‍കുകയോ, അല്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുപ്പിക്കുകയോ വേണമെന്ന് സമിതി നിര്‍ദേശിച്ചു. പക്ഷെ, യുപിഎ സര്‍ക്കാര്‍ കൊച്ചിക്ക് അനുകൂലമായ സമീപനം കൈക്കൊണ്ടില്ല. തുടര്‍ന്നുവന്ന മോഡി സര്‍ക്കാരാകട്ടെ ടെന്‍ഡറിന്റെ നിബന്ധന മാറ്റാനാകില്ലെന്ന ന്യായംപറഞ്ഞ് കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കി. തുടര്‍ന്നാണ് നാല് എല്‍പിഡിയുടെ നിര്‍മാണച്ചുമതല  റിലയന്‍സിനും എല്‍ആന്‍ഡ്ടിക്കുമായി കൈമാറിയത്

ഈ വിഷയത്തില്‍ കൊച്ചി കപ്പല്‍ശാലയ്‌ക്കെതിരെ പ്രവര്‍ത്തിച്ചത് നാവികസേനാ വൈസ് അഡ്മിറലായിരുന്ന വൈദ്യനാഥനായിരുന്നു എന്നത് ആ സമയത്ത് പരസ്യമായ രഹസ്യമായിരുന്നു. അദ്ദേഹം വിരമിച്ചശേഷം നിര്‍മാണ ചുമതല ലഭിച്ച എല്‍ആന്‍ഡ്ടിയുടെ വൈസ് പ്രസിഡന്റും ഷിപ്പ് ബില്‍ഡിങ് വിഭാഗത്തിലെ തലവനുമായി. ഇതിലൂടെ വ്യക്തമാകുന്നത് ഔദ്യോഗിക തലത്തില്‍ നടന്ന അഴിമതിയാണ്.

ഗുജറാത്തിലെ പിപ്പാവ് കപ്പല്‍ശാല 12,000 കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോഴാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 2015ല്‍ ഇതിന്റെ 17 ശതമാനം ഓഹരി വാങ്ങുന്നത്. പിന്നാലെ 25 ശതമാനം ഓഹരികൂടി കരസ്ഥമാക്കി കപ്പല്‍ശാല സ്വന്തമാക്കി റിലയന്‍സ് നേവല്‍ എന്‍ജിനിയറിങ് ലിമിറ്റഡ് എന്ന് പേരും മാറ്റി. ഇതിനുള്ള എല്ലാ സഹായങ്ങളും ആര്‍ എസ് എസ് കേന്ദ്രീയ കാര്യാലയമാണ് ചെയ്തുകൊടുത്ത്ത്. പ്രതിരോധമേഖലയിലെ നിര്‍മാണകരാറുകള്‍ റിലയന്‍സിന് നല്‍കാമെന്ന രഹസ്യധാരണയുടെ പുറത്താണ് ഈ ഇടപാടുകളെല്ലാം നടന്നത്.


27-Sep-2018