നീലേശ്വരം വെടിക്കെട്ട് അപകടം: പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും
അഡ്മിൻ
കാസർകോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൻ്റേതാണ് തീരുമാനം. അതേസമയം അഡീഷണൽ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ക്കാണ് ചുമതല.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ നടത്തിയ വെടിക്കെട്ടിലായിരുന്നു അപകടം. സംഭവത്തിൽ നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെപ്പേർ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിലായി ചികിൽസ തേടുകയും ചെയ്തിരുന്നു.
ഉൽസവാഘോഷത്തിനായി നൂറുകണക്കിന് ആളുകൾ കൂടി നിന്നയിടത്തിനു സമീപത്താണ് വെടിക്കെട്ട് അപകടം ഉണ്ടായതെന്നും പ്രദേശത്ത് കരിമരുന്ന് പ്രയോഗം നടത്തുന്നത് നിരവധി പേർ നേരത്തെ തന്നെ എതിർത്തിരുന്നെന്നും എന്നാൽ ഇത് വകവെയ്ക്കാതെയാണ് സംഘാടകർ പ്രദേശത്ത് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചതെന്നും പ്രദേശവാസികൾ പറഞ്ഞു.