അതിർത്തിയിൽ സൈനിക പിന്‍വാങ്ങല്‍ പൂര്‍ത്തിയാക്കി ഇന്ത്യയും ചൈനയും

കിഴക്കന്‍ ലഡ്ഡാക്കിലെ ഡെപ്സാങ്ങിലും ഡെംചോക്കിലും ഇന്ത്യയും ചൈനയും സൈനിക പിന്‍വാങ്ങല്‍ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സൈന്യം ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്തിവരികയാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. സൈനികര്‍ക്ക് തങ്ങാനും മറ്റുമായി നിര്‍മിച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റും പൊളിച്ചുനീക്കിയോ എന്നാണ് പരിശോധന.

ഇരുഭാഗത്തും കോര്‍ഡിനേറ്റഡ് പട്രോളിംഗ് ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ പറഞ്ഞു. ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ ചര്‍ച്ചകള്‍ തുടരും.നാളെ ദീപാവലി ദിനത്തില്‍ ഇരുപക്ഷവും മധുരം കൈമാറും.
കിഴക്കന്‍ ലഡാക്കിനടുത്തുള്ള എല്‍എസിയില്‍ അവശേഷിക്കുന്ന സംഘര്‍ഷ സ്ഥലങ്ങളില്‍ ഇടപെടാന്‍ ന്യൂഡല്‍ഹിയും ബെയ്ജിംഗും ധാരണയില്‍ എത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒക്ടോബര്‍ 21 ന് പ്രഖ്യാപിച്ചിരുന്നു.

റഷ്യയില്‍ വെച്ചുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഡെംചോക്കിലെയും ഡെപ്സാംഗ് സമതലങ്ങളിലെയും രണ്ട് സംഘര്‍ഷ പോയിന്റുകളില്‍ നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിക്കാനാരംഭിച്ചത്.

31-Oct-2024