ഹമാസിന്‍റെ ശേഷിക്കുന്ന മുതിർന്ന നേതാക്കളിൽ ഒരാളേയും വധിച്ചതായി ഇസ്രയേൽ
അഡ്മിൻ
ഹമാസിന്‍റെ അവശേഷിക്കുന്ന മുതിർന്ന നേതാക്കളിൽ ഒരാളേയും വധിച്ചെന്ന് ഇസ്രയേൽ. ഗാസ നഗരമായ ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ ശേഷിക്കുന്ന മുതിർന്ന നേതാക്കാളിൽ ഒരാളായ ഇസ് അൽ ദിൻ കസാബിനെ വധിച്ചതായാണ് ഇസ്രയേലിൻ്റെ അവകാശ വാദം. ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിൻ്റെ ചുമതലയുണ്ടായിരുന്ന ഇസ് അൽ ദിൻ കസാബ് ഹമാസിൻ്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണ്.
എന്നാൽ കസാബ് ഗാസയിലെ പ്രാദേശിക ഗ്രൂപ്പിലെ ഉദ്യോഗസ്ഥനാണെന്നും തീരുമാനങ്ങളെടുക്കുന്ന പൊളിറ്റിക്കൽ ടീമിൽ അംഗമല്ലെന്നുമാണ് ഹമാസ് നൽകുന്ന വിശദീകരണം. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മറ്റൊരു ഹമാസ് ഉദ്യോഗസ്ഥനായ അയ്മാൻ ആയിഷും കൊല്ലപ്പെട്ടു.
വെടിനിർത്തൽ ചർച്ചകൾ അപ്രസക്തമാക്കി ലബനനിലും ഗാസയിലും ഇസ്രയേൽ ഇടതടവില്ലാതെ ബോംബ് ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 68 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പലസ്തീൻ അഭയാർത്ഥികൾ താമസിക്കുന്ന നുസൈറാത്തിലെ സ്കൂളിന് നേരെ നടത്തിയ ഇസ്രയേൽ ആക്രമണത്തിൽ നാല് പേരും, വടക്കും കിഴക്കും ഭാഗങ്ങളിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരും കൊല്ലപ്പെട്ടു. വെടിനിർത്തൽ ശ്രമങ്ങൾ തുടരുന്നതിനിടെ ലബനനിലും കൊടിയ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്.