പൂരപ്പറമ്പിൽ ഗുണ്ടകൾ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളം: വിഎസ് സുനിൽകുമാർ

ആംബുലൻസ് വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. പൂരപ്പറമ്പിൽ ഗുണ്ടകൾ ആക്രമിച്ചെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് സുനിൽകുമാർ ആരോപിച്ചു. മാധ്യമപ്രവർത്തകർക്കെതിരെ ചൂടോടെ പരാതി നൽകിയ കേന്ദ്രമന്ത്രി എന്തുകൊണ്ട് ഗുണ്ടകൾ ആക്രമിച്ചിട്ട് മിണ്ടിയില്ലെന്നും ഈ വിഷയത്തിൽ പൊലീസ് അന്വേഷിക്കണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടു.

സുരേഷ് ഗോപി ആംബുലൻസിൽ കയറിയത് ചട്ടം ലംഘിച്ചാണ്, മോട്ടോർ വാഹന വകുപ്പ് അനാസ്ഥ വെടിഞ്ഞ് സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസത്തെ സുരേഷ് ഗോപി ആംബുലൻസിലെത്തിയത് വലിയ വിവാദമായിരുന്നു. തിരുവമ്പാടി ദേവസ്വത്തിലെത്തിയത് ആംബുലൻസിലല്ലെന്ന് വാദിച്ച സുരേഷ് ഗോപി പിന്നീട് മലക്കം മറിഞ്ഞു.

ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു എന്നാണ് സുരേഷ് ഗോപിയുടെ പുതിയ വാദം. കാലിന് വയ്യാത്തതിനാലാണ് ആംബുലൻസിൽ കയറിയത്. 15 ദിവസം കാൽ ഇഴച്ചാണ് നടന്നതെന്നും രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്താണ് തന്നെ ആംബുലന്‍സില്‍ കയറ്റിയതെന്നും ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് സുരേഷ് ​ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്.

02-Nov-2024