പൂരത്തിനിടെയിലെ ആംബുലന്‍സ് യാത്ര; സുരേഷ് ഗോപിക്കെതിരേ കേസെടുത്തു

തൃശൂര്‍ പൂരത്തിനിടെ ആംബുലന്‍സില്‍ പൂരവേദിയില്‍ എത്തിയതിന് കേന്ദ്ര മന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരേ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്‍കിയ പരാതിയിലാണ് നടപടി. ഐപിസി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപിക്കു പുറമേ ആംബുലന്‍സ് ഡ്രൈവര്‍ക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്. രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ച് ദുരുപയോഗം ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണം ലംഘിക്കാനായിരുന്നു ഇതെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ ആംബുലന്‍സ് ഓടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

പൂരനഗരിയിലേക്ക് താന്‍ ആംബുലന്‍സില്‍ എത്തിയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. എന്നാല്‍ ആംബുലന്‍സില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നത് ചൂണ്ടിക്കാട്ടിയതോടെ പിന്നീട് ഇക്കാര്യം സമ്മതിച്ചിരുന്നു. തന്റെ കാലിന് പരുക്കേറ്റിരിക്കുകയായിരുന്നുവെന്നും ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും ചിലര്‍ എടുത്ത് തന്നെ ആംബുലന്‍സില്‍ കയറ്റുകയായിരുന്നുവെന്നും സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

03-Nov-2024