ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ പ്രമേയവുമായി വിജയ്‍യുടെ ടിവികെ
അഡ്മിൻ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന കേന്ദ്ര സർക്കാർ നിർദേശത്തെ എതിർത്ത് പ്രമേയം പാസാക്കി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം.ഞായറാഴ്ച നടന്ന പാർട്ടിയുടെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ മീറ്റിങ്ങിലാണ് പ്രമേയം പാസാക്കിയത്.
നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കണം എന്ന ആവശ്യമുന്നയിച്ചും എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രമേയം പാസാക്കി.പരീക്ഷ തമിഴ്‌നാട്ടിലെ വിദ്യാർഥികളെ ഉള്‍ക്കൊള്ളുന്നില്ല എന്ന വിമർശനം ഡിഎംകെ ഉള്‍പ്പെടെയുള്ള പാർട്ടികള്‍ നേരത്തെ ഉയർത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ജാതി സെൻസസ് നടത്താത്തതിന് ഭരണത്തിലിരിക്കുന്ന ഡിഎംകെയേയും ദേശീയതലത്തില്‍ നടപ്പാക്കാത്തതിന് കേന്ദ്രസർക്കാരിനെയും പാർട്ടി എക്സിക്യൂട്ടീവ് വിമർശിച്ചു.
ഡിഎംകെയുടെ പ്രകടനപത്രിക കള്ളങ്ങള്‍ മാത്രം നിറഞ്ഞതാണെന്ന വിമർശനവും കൗണ്‍സിലില്‍ ഉയർന്നു. ഫെബ്രുവരിയിലാണ് വിജയ് തന്റെ തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്.എട്ടുമാസങ്ങള്‍ക്കിപ്പുറം ഒക്ടോബർ 27ന് പാർട്ടിയുടെ ആദ്യത്തെ മഹാസമ്മേളനം വില്ലുപുരത്ത് വച്ച് സംഘടിപ്പിക്കപ്പെട്ടു. ഈ സമ്മേളനത്തില്‍ വച്ചാണ് വിജയ് തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രഖ്യാപിക്കുന്നത്.
സാമൂഹിക നീതി, മതനിരപേക്ഷത, കോടതികളിലുള്‍പ്പെടെ ഔദ്യോഗിക ഭാഷയായി തമിഴിനെ പ്രോത്സാഹിപ്പിക്കുക, ഗവർണർ സ്ഥാനം ഒഴിവാക്കുക എന്നിവയാണ് വിജയ് മുന്നിലേക്ക് വയ്ക്കുന്ന പ്രധാനആശയങ്ങള്‍.