ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും: ബിനോയ് വിശ്വം

മുനമ്പം വിഷയത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താന്‍ കോടതിക്ക് പുറത്ത് ചര്‍ച്ചയാകാമെന്ന മുസ്‌ലിം സംഘടനകളുടെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനമ്പത്തെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ല. ചിലര്‍ വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കി പ്രശ്‌നപരിഹാരത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിയുടെ ആശയം വിട്ടുവന്നാല്‍ സന്ദീപ് വാര്യരെ സ്വീകരിക്കും. ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധിച്ച് പുറത്തു വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. ബിജെപിയെ ശക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷം മാത്രമാണ്. വയനാട്ടിലെ മത്സരം രാഷ്ട്രീയമായാണ് ഇടതുപക്ഷം കാണുന്നത്.

പ്രിയങ്ക ഗാന്ധി പത്രിക സമര്‍പ്പണത്തിന് എത്തിയപ്പോള്‍ കെപിസിസി പ്രസിഡന്റിന് പോലും ഇടംനല്‍കാതെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കാണ് ഇടം നല്‍കിയത് ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലേക്ക് 170 കോടി രൂപ നല്‍കിയ ബിസിനസുകാരനാണ് റോബര്‍ട്ട് വാദ്ര. ഇത് കോണ്‍ഗ്രസ്-ബിജെപി ഡീല്‍ തുറന്നുകാട്ടുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

03-Nov-2024