കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള കേര പദ്ധതിക്ക് ലോക ബാങ്കിന്‌റെ അംഗീകാരം. പദ്ധതിക്കായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) വായ്പ നല്‍കും. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്‌റില്‍ (ഐബിആര്‍ഡി) നിന്നാണ് വായ്പ അനുവദിക്കുന്നത്.
6 വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 23.5 വര്‍ഷത്തെ കാലാവധിയാണുള്ളത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ നാല് ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് 'കേര'.
കാലാവസ്ഥ അനുകൂല മുറകള്‍, കാര്‍ഷിക ഉത്പാദനങ്ങളിലെ മൂല്യവര്‍ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ഉദ്ധാരണം തുടങ്ങി കാര്‍ഷിക മേഖലയുടെ സമഗ്ര പുനരുജ്ജീവനമാണ് അഞ്ചുവര്‍ഷത്തെ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.