ശോഭ സുരേന്ദ്രൻ തിരൂർ സതീഷിൻ്റെ വീട്ടിലെത്തിയ ദൃശ്യങ്ങൾ പുറത്ത്

ശോഭ സുരേന്ദ്രൻ തൻ്റെ വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട്‌ കൊടകര കുഴൽപ്പണക്കേസിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. തൻ്റെ വീട്ടിൽ എത്തിയില്ലെന്ന ബിജെപി നേതാവിൻ്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രമാണ് പുറത്തായത്.

സതീഷിന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ആറുമാസങ്ങൾക്ക് മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് സതീഷ് വ്യക്തമാക്കി. ശോഭ സുരേന്ദ്രനോട് കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അവരാണ് വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടതെന്നും തിരൂർ സതീഷ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഒമ്പത് കോടി രൂപയാണ് പാർട്ടി ഓഫിസിൽ എത്തിച്ചതെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. കെ സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തെന്ന് ധർമരാജൻ തന്നോട് പറഞ്ഞു. ശോഭാ സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. തൻ്റെ വീടിന് തൊട്ടടുത്താണ് ശോഭ സുരേന്ദ്രൻ പുതിയ വീട് പണിയുന്നത്. പച്ചക്കള്ളമാണ് ശോഭ സുരേന്ദ്രൻ പറയുന്നത്. ശോഭ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.

04-Nov-2024