യുപിയിൽ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് തീർഥാടകർ കുടിക്കുന്നത് എ സിയിലെ വെള്ളം


ഉത്തർപ്രദേശിൽ ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് എ സിയിലെ വെള്ളം കുടിച്ച് തീർഥാടകർ. യുപിയിലെ മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തിലെ ഈ വെള്ളം കുടിച്ചിരുന്നത്. പ്രതിദിനം 10,000 മുതൽ 15,000 ആളുകൾ എത്തുന്ന ക്ഷേത്രം കൂടിയാണിത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം, ശ്രീകൃഷ്ണ ഭഗവാന്റെ പാദത്തിൽ നിന്നുള്ള ചരണാമൃതം എന്ന പേരിൽ വിശ്വാസികൾ തീർത്ഥമായി സേവിക്കുകയായിരുന്നു. പലരും ഇത് ഗ്ലാസിലാക്കി കുടിക്കാറും കുപ്പിയിലാക്കി കൊണ്ടുപോവാറും ശരീരത്തിൽ തളിക്കാറുമുണ്ട്. എന്നാൽ ക്ഷേത്രത്തിലെത്തിയ ഒരു സന്ദർശകനാണ് ചരണാമൃതത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുന്നത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണിതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോട് പറഞ്ഞിരുന്നത്. ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളമാണെന്ന് തുറന്നുകാട്ടി യൂട്യൂബറാണ് രംഗത്തെത്തിയത്. വെള്ളം ശേഖരിച്ച് കുടിക്കുന്ന ആളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനം ഉയര്‍ന്നു.

വിദ്യാഭ്യാസത്തിനാണ് സമൂഹം പ്രാധാന്യം നല്‍കേണ്ടതെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ത്തു. എല്‍ജിയുടെ എസികള്‍ ഉടനെ ദൈവത്തിന്റെ മറ്റൊരു അവതാരമാകുമെന്ന് പരിഹസിച്ചവരുണ്ട്. ഇത്തരത്തില്‍ വൃത്തിഹീനമായ വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്.

04-Nov-2024