പാലക്കാട്‌ യുഡിഎഫ്-എല്‍ഡിഎഫ് നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്: എംവി ഗോവിന്ദൻ മാസ്റ്റർ

ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ പ്രവര്‍ത്തനം നടത്താന്‍ ഇടതുമുന്നണിക്ക് കഴിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റർ . വയനാടും പാലക്കാടും ചേലക്കരയിലും ഇതേ സ്ഥിതി തന്നെയാണ്.- ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

“ചേലക്കരയില്‍ വലിയ ഭൂരിപക്ഷത്തിന് ഇടതുമുന്നണി വിജയിക്കും. പാലക്കാട് ഇടതുസ്വതന്ത്രനാണ് മത്സരിക്കുന്നത്. പാലക്കാട് മുന്‍പ് സിപിഎം മൂന്നാം സ്ഥാനത്ത് ആണെങ്കില്‍ ഇക്കുറി ബിജെപി മൂന്നാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. പാലക്കാട്‌ യുഡിഎഫ്-എല്‍ഡിഎഫ് നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. വിവാദങ്ങളില്‍ കുടുങ്ങി ബിജെപി ദുര്‍ബലമായ അവസ്ഥയിലാണ്.”

“ശ്രീധരന് കഴിഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ ഇക്കുറി ബിജെപിക്ക് ലഭിക്കില്ല. കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ വോട്ട് രാഹുല്‍ മാങ്കൂട്ടത്തിന് ലഭിക്കില്ല. ഇപ്പോള്‍ ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ ബിജെപി കുരുങ്ങിക്കിടക്കുകയാണ്. ഒരാഴ്ചകൊണ്ട് കഴിയുന്ന പ്രശ്നങ്ങളില്‍ അല്ല ബിജെപി പെട്ടിരിക്കുന്നത്.”

“തിരഞ്ഞെടുപ്പിന് എത്തിച്ച കോടാനുകോടി രൂപ ബിജെപിയുടെ ഓഫീസുകളിലാണ് സൂക്ഷിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40 കോടിയിലേറെ രൂപയാണ് ഹവാലയായി ബിജെപിക്ക് ലഭിച്ചത്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും 12 കോടി രൂപ എത്തിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. പാലക്കാട് തിരഞ്ഞെടുപ്പ് ഒരാഴ്ച മാറ്റിവച്ചതുകൊണ്ട് ബിജെപിയിലെ പ്രശ്നങ്ങള്‍ അവസാനിക്കില്ല.” – ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു

05-Nov-2024