കേരളത്തില്‍ എവിടെയായാലും കുടിയൊഴിപ്പിക്കുന്നതിന് സിപിഎം എതിരാണ്; എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തില്‍ എവിടെയായാലും കുടിയൊഴിപ്പിക്കുന്നതിന് പാര്‍ട്ടി എതിരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റർ . മുനമ്പത്ത് വര്‍ഷങ്ങളായി താമസിക്കുന്നവര്‍ക്കൊപ്പമാണ് സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരുമെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. ഈ മാസം 16ന് മുനമ്പം വിഷയം സംബന്ധിച്ച് മന്ത്രിമാരും കക്ഷികളും പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ടെന്നും അതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നും ഗോവിന്ദന്‍ മാസ്റ്റർ വ്യക്തമാക്കി.

”അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന നാസര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പലയിടത്തും അതിനുള്ള നടപടി വഖഫ് ബോര്‍ഡ് സ്വീകരിക്കുന്നുണ്ട്. തുടര്‍ന്നാണ് മുനമ്പത്ത് താമസിക്കുന്നവര്‍ക്കും നോട്ടിസ് നല്‍കിയത്. വര്‍ഷങ്ങളായി താമസിക്കുന്നവരില്‍നിന്ന് നികുതി വാങ്ങുന്നില്ല എന്ന സ്ഥിതി വന്നതാണ് ഉല്‍കണ്ഠയുണ്ടാക്കിയത്. നികുതി വാങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ പ്രശ്നത്തിന് പകുതി പരിഹാരമായി.

സിപിഎമ്മും കര്‍ഷക പ്രസ്ഥാനങ്ങളും നടത്തിയ ഉജ്വലമായ സമരത്തിന്റെ ഭാഗമായാണ് കേരളത്തില്‍ 36 ലക്ഷം പേര്‍ക്ക് ഭൂമി ലഭിച്ചത്. എകെജിയുടെ നേതൃത്വത്തിലായിരുന്നു ആലപ്പുഴ മുളവുകാട്ടെ സമരം. ആ പോരാട്ടത്തില്‍ 17 സഖാക്കളാണ് രക്തസാക്ഷികളായത്. അന്ന് കാസ പോലെയുള്ള സംഘടനകളില്ല. ഇപ്പോള്‍ ഭൂമിയുടെ പേരും പറഞ്ഞ് അവര്‍ രംഗത്തുവരുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണ്.

ആര്‍എസ്എസിന് ആളെ കൂട്ടാനാണിത്. ഒരുഭാഗത്ത് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, മറ്റൊരു ഭാഗത്ത് ക്രിസ്തീയ വിഭാഗത്തിന്റെ പേരില്‍ കാസ എന്നു പറഞ്ഞ് ചിലരും കള്ളപ്രചാരവേല നടത്തുകയാണ്. ഇതിനെ മതനിരപേക്ഷ ചിന്താഗതിയുള്ളവര്‍ ഒരുമിച്ച് നേരിടണം.” എം.വി.ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

06-Nov-2024