നീല ട്രോളിയുമായി ഫെനി നൈനാൻ; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
അഡ്മിൻ
കോൺഗ്രസ് നേതാക്കളുടെ മുറിയിൽ കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തെ തുടർന്ന് പൊലീസ് മിന്നൽ റെയ്ഡ് നടത്തിയ പാലക്കാട് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു . പാലക്കാടുള്ള കെപിഎം ഹോട്ടലിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നീല ട്രോളി ബാഗുമായി നടന്നുപോവുന്നത് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതിയും കെഎസ്‍യു നേതാവുമായ ഫെനി നൈനാൻ ആണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എംപി, വി.കെ ശ്രീകണ്ഠന്‍ എംപി എന്നിവരും ദൃശ്യങ്ങളിലുണ്ട്.
നേതാക്കളുടെ നിരവധി ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങൾ പ്രകാരം, രാത്രി 10.11 ന് ഷാഫി, ശ്രീകണ്ഠൻ, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നു. 10.13 ന് ശ്രീകണ്ഠൻ വാഷ് റൂമിലേക്ക് പോയി തിരിച്ചു വരുന്നു. ഈ സമയം ബാക്കിയുള്ളവർ കോൺഫറൻസ് ഹാളിലേക്ക് പോകുന്നു. രാത്രി 10:39ന് രാഹുൽ മാങ്കൂട്ടത്തിൽ കോൺഫറൻസ് ഹാളിലേക്ക് കയറുന്നത് കാണാം.
10:42ന് ഫെനി നൈനാൻ കോറിഡോറിലേക്ക് വരുന്നു. അപ്പോൾ ഫെനിയുടെ കയ്യിൽ പെട്ടിയുണ്ടായിരുന്നില്ല. 10:47ന് രാഹുലിനെ കോൺഫറൻസ് റൂമിൽ നിന്ന് പുറത്ത് എത്തിക്കുന്നു. തുടർന്ന് 10: 51ന് ഫെനി കോൺഫറൻസ് റൂമിൽ നിന്ന് കനമുള്ള പെട്ടി കടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
10:53ന് ഫെനി നൈനാൻ ഹോട്ടലിന് പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. 10:54ന് ട്രോളി ബാഗുമായി ഫെനി നൈനാൻ ഹോട്ടലിലേക്ക് തിരികെ എത്തുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. 10:59ന് രാഹുൽ പുറത്തേക്ക് പോകുന്നു. പെട്ടിയിലെ പണം കോൺഫറൻസ് ഹാളിലേക്ക് മാറ്റിയ ശേഷം ഫെനി നൈനാൻ തിരിച്ചു കൊണ്ടുപോകുന്നു.
11.00 pm ഫെനി നൈനാൻ രാഹുൽ നേരത്തെ കയറിയ റൂമിലേക്ക് കയറുന്നു. 11.20 ന് മുറിയിൽ നിന്ന് മറ്റൊരു കനമുള്ള ബാഗുമായി ഫെനിയും പിഎയും പുറത്തേക്ക് പോകുന്നതും കാണാം. പെട്ടി വാഹനത്തിൽ വെച്ച ശേഷം ഫെനി തിരികെ മുറിയിലേക്ക് വരുന്നു. 11. 30 കോൺഫറൻസ് റൂമിൽ ഉണ്ടായിരുന്ന ഷാഫി, ശ്രീകണ്ഠൻ, ചാമക്കാല എന്നിവർ പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിലുണ്ട്.