റെയ്ഡ് വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തരായി : ടിപി രാമകൃഷ്ണന്
അഡ്മിൻ
കള്ളപണ ഇടപാടില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍പക്ഷികളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത് ജനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അവരിപ്പോള്‍ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്.
അതിന്റെ തെളിവാണ് കൊടകര കള്ളപ്പണക്കേസും അതില്‍ ബിജെപി നേതാക്കള്‍ക്കുള്ള പങ്കും. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി കള്ളപ്പണം ജില്ലാ കമ്മിറ്റി ഓഫീസില്‍ തന്നെ എത്തിച്ച വിവരവും പുറത്തുവിട്ടിരിക്കുകയാണ്. ബിജെപിയുടെ പാര്‍ടി സംവിധാനം തന്നെ കള്ളപ്പണ ഇടപാടിന് നേതൃത്വം കൊടുക്കുകയാണെന്നതിന്റെ തെളിവാണ് ഈ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി ഇടപെടാതെ മാറി നില്‍ക്കുന്നത്.
ബിജെപിയുടെ കള്ളപ്പണ ഇടപാടില്‍ പങ്കാളിയായി ചില കോണ്‍ഗ്രസ് നേതാക്കളും ഉണ്ടെന്നതിന്റെ തെളിവാണ് ഷാഫിക്ക് നാല് കോടി നല്‍കിയെന്ന സുരേന്ദ്രന്റെ പ്രസ്താവന. നേരത്തെ ഇലക്ട്രറല്‍ ബോണ്ടിന്റെ പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പങ്കാളി 170 കോടി രൂപ ബിജെപിക്ക് നല്കിയ കാര്യവും പുറത്തുവന്നിട്ടുള്ളതാണ്. ഈ പശ്ചാത്തലത്തില്‍ വേണം പാലക്കാട്ടേ കള്ളപ്പണം കണ്ടെത്താനുള്ള പൊലീസ് റെയ്ഡിനെതിരെ യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നിരിക്കുന്നതിനെ കാണാന്‍.
കള്ളപ്പണം തടയുക എന്ന സമീപനത്തോട് എല്‍ഡിഎഫിന് പൂര്‍ണ യോജിപ്പാണുള്ളത്. അതുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ അതുമായി പൂര്‍ണമായും സഹകരിച്ചത്. എന്നാല്‍ റെയ്ഡ് വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പരിഭ്രാന്തരായത് എന്തൊക്കെയൊ മറച്ചുവെക്കാനുള്ളതുകൊണ്ടാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.