രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച കോഴിക്കോട്ടെ ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്
അഡ്മിൻ
പാലക്കാട്ടെ ഹോട്ടലിൽ നിന്ന് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല കഴിഞ്ഞ ദിവസം രാഹുൽ പുറപ്പെട്ടതെന്ന് വെളിവാക്കുന്ന ദൃശ്യങ്ങൾ കൂടി സിപിഎം പുറത്തുവിട്ടു. വിവാദത്തിൽ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി.
രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ച കോഴിക്കോട്ടെ ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇന്നലെ രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പുറപ്പെടുമ്പോൾ രാഹുൽ കയറിയത് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല എന്ന് സ്ഥാപിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവിട്ട് സിപിഎം ആരോപണത്തിന് മൂർച്ച കൂട്ടിയിരിക്കുകയാണ്.
രാത്രി പതിനൊന്ന് മണിവരെ രാഹുൽ മാങ്കൂട്ടത്തിലും ഫെനി നൈനാനും ഷാഫി പറമ്പിലുമടക്കമുള്ള നേതാക്കൾ കെപിഎം ഹോട്ടിലിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രണ്ട് സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു.
പുതിയ സിസിടിവി ദൃശ്യത്തിൻ്റെ അവസാന ഭാഗം വ്യക്തമല്ലെങ്കിലും രാഹുൽ കയറിപ്പോകുന്നത് ട്രോളി ബാഗ് കയറ്റിയ വാഹനത്തിലല്ല എന്ന് കാണാം. വസ്ത്രങ്ങളാണ് വാഹനത്തിലെന്നാണ് രാഹുലിൻ്റെ വാദം. കള്ളപ്പണ ആരോപണം രാഷ്ട്രീയ ആയുധമാക്കി തന്നെ പ്രയോഗിക്കാനാണ് സിപിഎം നീക്കം. ആരോപണത്തിൽ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
രാഹുൽ പറഞ്ഞതൊന്നും സത്യമല്ല. നുണ പറയുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ പറയുന്നു. ബിജെപിയും കോൺഗ്രസും കള്ളപ്പണം ഒഴുക്കുകയാണെന്നും പൊലീസിന്റെ വീഴ്ചയല്ല ഇവിടെ ചർച്ച ചെയ്യേണ്ടതെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.