കേഡര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ടു പോകും: എംവി ഗോവിന്ദൻ മാസ്റ്റർ

പി പി ദിവ്യയുടെ കാര്യത്തില്‍ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാര്‍ട്ടിയെന്ന് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നടപടിയെ കുറിച്ച് വിശദീകരിക്കേണ്ടതും കണ്ണൂര്‍ ഘടകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പുകാലത്ത് ദിവ്യ വിഷയം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ക്ക് അതെല്ലാം പ്രതിസന്ധിയാണ് എന്ന് തോന്നിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ആദ്യം മുതലേ എ ഡി എമ്മിന്റെ വിഷയത്തില്‍ കൃത്യമായ നിലപാടാണ് പാര്‍ട്ടി എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ ഒരു നിലപാടും എടുക്കില്ല എന്ന് ഞങ്ങള്‍ പറഞ്ഞു. സംഘടനാപരമായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിവ്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സിപിഐഎം നേതാക്കള്‍ അവിടെ പോയിരുന്നല്ലോ എന്ന ചോദ്യത്തിലും അദ്ദേഹം പ്രതികരിച്ചു.

നേതാക്കള്‍ ഇനിയും ഒപ്പം പോകുമെന്നും ജയിലില്‍ നിന്ന് വന്നാലും പോകുമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യ എന്നു പറയുന്നത് ശത്രുവാണോ? പാര്‍ട്ടി കേഡര്‍ ആയിരുന്നല്ലോ, കേഡര്‍ക്ക് തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തി മുന്നോട്ടു പോകും. തെറ്റിന്റെ പേരില്‍ കൊല്ലാന്‍ ആകില്ലല്ലോ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതിയില്‍ ദിവ്യ എടുക്കുന്ന നിലപാട് ദിവ്യയുടെ വ്യക്തിപരമായ നിലപാടാണെന്നും അത് പാര്‍ട്ടി നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 24 മണിക്കൂറുകൊണ്ട് ദിവ്യയെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി. കോണ്‍ഗ്രസിന്റെ പൈലി രീതിയല്ല സിപിഐഎം ചെയ്തത് – എംവി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് കോണ്‍ഗ്രസില്‍ ക്രിമിനല്‍ സംഘങ്ങളും ഉണ്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. എല്ലാവരും ക്രിമിനല്‍ സംഘങ്ങള്‍ അല്ല. പക്ഷേ ക്രിമിനല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിരവധി കൊലക്കേസ് പ്രതികള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. കെപിസിസി എന്ന് പറയുന്നതിന് പിന്നില്‍ പൈലിമാരെ ചേര്‍ക്കണം. ക്രിമിനല്‍ സംഘങ്ങളെ കൂടിച്ചേര്‍ത്തുകൊണ്ട് പ്രചാരണം മുന്നോട്ടു കൊണ്ടുപോവുകയാണ് കോണ്‍ഗ്രസ് – അദ്ദേഹം വിശദമാക്കി.

08-Nov-2024