പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെയ്ക്ക് എതിരെ പരാതി നല്‍കി എല്‍ഡിഎഫ്

നിലമ്പൂര്‍ എംപി പി വി അന്‍വറിന്റെ പാര്‍ട്ടി ഡിഎംകെയ്ക്ക് എതിരെ പരാതി നല്‍കി എല്‍ഡിഎഫ്. 1000 വീട് വാഗ്ദാനം ചെയ്ത് വോട്ട് തേടുന്നു എന്നാണ് പരാതി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേണിംഗ് ഓഫീസര്‍ക്കുമാണ് പരാതി നല്‍കിയത്. ചേലക്കര എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എ സി മൊയ്തീനാണ് പരാതി നല്‍കിയത്. അന്‍വറിനും സ്ഥാനാര്‍ത്ഥിയായ എം കെ സുധീറിനുമെതിരെ നടപടി വേണമെന്നാണ് ആവശ്യം.

അന്‍വറും സുധീറും നടത്തുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് മൊയ്തീന്‍ പ്രതികരിച്ചു. ആശുപത്രിയിലെ പ്രതിഷേധം ഉള്‍പ്പെടെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവര്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിനൊപ്പം മാര്‍ച്ചില്‍ പങ്കെടുത്തത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും അന്‍വര്‍ യുഡിഎഫിന്റെ ബി ടീമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് യുഡിഎഫ് പരാതി നല്‍കാത്തത് എന്ന് കരുതുന്നുവെന്നും എ സി മൊയ്തീന്‍ പറഞ്ഞു.


ചേലക്കരയില്‍ എംഎല്‍എയായിരുന്ന കെ രാധാകൃഷ്ണന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ചതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫിന് വേണ്ടി യു ആര്‍ പ്രദീപും യുഡിഎഫിന് വേണ്ടി രമ്യ ഹരിദാസും എന്‍ഡിഎക്ക് വേണ്ടി കെ ബാലകൃഷ്ണനും മത്സരിക്കുന്നു.

08-Nov-2024