നിരപരാധിത്വം തെളിയിക്കും; ജയിൽ മോചിതയായി പി.പി. ദിവ്യ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജാമ്യം ലഭിച്ച മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ജയിൽ മോചിതയായി. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നായിരുന്നു ദിവ്യയുടെ ആദ്യ പ്രതികരണം. പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് പതിനൊന്നാം ദിവസമാണ് ദിവ്യ മോചിതയായത്.

ജില്ലാ സെഷന്‍സ് ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചത്. വൈകുന്നേരം നാല് ഇരുപതോടെ ജയിലിലെത്തിയ അഭിഭാഷകൻ ഉത്തരവിന്റെ പകർപ്പ് കൈമാറി. നടപടിക്രമങ്ങൾക്ക് ശേഷമാണ് ദിവ്യ പുറത്തേക്കെത്തിയത്.

കണ്ണൂർ ജില്ല വിടാൻ പാടില്ല, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം, പാസ്പോർട്ട് കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളിലും രണ്ട് ആൾ ജാമ്യത്തിലുമാണ് ഉത്തരവ്. സാക്ഷികളെ സ്വാധീനിക്കരുത്, സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്നും കോടതി നിർദേശിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായെന്ന് വിലയിരുത്തിയാണ് കോടതി ദിവ്യക്ക് ജാമ്യം നൽകിയത്.

ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ദിവ്യയെ കാത്ത് പാർട്ടി നേതാക്കൾ ജയിലിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. അഞ്ച് മണിയോടെയാണ് പള്ളിക്കുന്ന് വനിതാ ജയിലിൽ നിന്ന് ദിവ്യ പുറത്തുവന്നത്. നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ട്. സദുദ്ദേശ്യപരമായി മാത്രമേ ഇതുവരെ സംസാരിച്ചിട്ടുള്ളൂ. കോടതിയിൽ തൻ്റെ നിരപരാധിത്വം തെളിയിക്കുമെന്നും ജയിൽ മോചിതയായതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ ദിവ്യ പറഞ്ഞു.

"മാധ്യമപ്രവർത്തകരായാലും നാട്ടുകാരായാലും പൊതുപ്രവർത്തന രംഗത്ത് കാണാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ 14 വർഷമായി ഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായും, വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപാടുള്ളവരുമായി പോലും സഹകരിച്ച് വന്ന ആളാണ്. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു. നവീൻ ബാബുവിൻ്റെ കുടുംബത്തെ പോലെ വിഷയത്തിലെ സത്യം പുറത്തുവരണമെന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട്," മാധ്യമങ്ങളോട് സംസാരിക്കവെ പി.പി. ദിവ്യ പറഞ്ഞു.

08-Nov-2024