ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ

യുഎസ് സമ്മർദത്തിന് വഴങ്ങി നയംമാറ്റി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ നിർദേശം നൽകി. 10 ദിവസം മുൻപാണ് ഖത്തർ ഹമാസിന് നിർദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് നയംമാറ്റമെന്ന് പേര്‌ വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടാനാണ് നിർേദശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. സിറിയൻ ആഭ്യന്തരയുദ്ധത്തിന് പിന്നാലെ 2012 മുതൽ ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്നത് ഖത്തറിലെ ദോഹയിലാണ്. സമാധാന കരാറിന് വഴങ്ങാൻ ഹമാസിനോട് നിർദേശിക്കണമെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടിരുന്നു.

പലസ്തീൻ - ഇസ്രയേൽ യുദ്ധത്തിന്റെ ഭാഗമായുള്ള ബന്ദി മോചനം അംഗീകരിക്കാത്ത ഹമാസിന്റെ നടപടിക്ക് പിന്നാലെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്. ദോഹയിൽ ഹമാസ് നേതൃത്വം തുടരുന്നത് സ്വീകരിക്കാനാകില്ലെന്ന നിലപാട് അമേരിക്ക ഖത്തറിനെ അറിയിച്ചു. ഹമാസ് ഖത്തറിൽ തുടരുന്നത് ഖത്തർ - അമേരിക്ക ബന്ധം വഷളാക്കുമെന്നും വൈറ്റ്ഹൗസ്‌ മുന്നറിയിപ്പ് നൽകിയിരുന്നു.

09-Nov-2024