ന്യൂ ഡൽഹി : കേരളത്തിന് പ്രത്യേകമായി പ്രളയകാലത്ത് അനുവദിച്ചയരി സൗജന്യമല്ലായെന്നു കേന്ദ്രം വ്യക്തമാക്കി. ഒരു കിലോക്ക് ഇരുപത്തിയാറു രൂപയെന്ന നിരക്കിൽ വില ഈടാക്കും, ഈ വില ദേശീയ ദുരന്ത നിവാരണത്തിനായി കേരളത്തിന‌് അനുവദിക്കുന്ന തുകയിൽനിന്നോ ഭക്ഷ്യസുരക്ഷാ നിയമംപോലുള്ള പദ്ധതികളിൽ നിന്നോ ഈടാക്കും. നേരത്തെ കേന്ദ്രമനുവദിച്ചയരി വേണ്ടായെന്നു സർക്കാർ തീരുമാനിച്ചെന്നു മനോരമ വാർത്ത നൽകിയിരുന്നു. എന്നാൽ 25 രൂപ നിരക്കിൽ അനുവദിച്ച 89,540 മെട്രിക് ടൺ അരിയിൽ മുപ്പത‌് ശതമാനത്തിലധികം നിലവിൽ ഏറ്റെടുത്തിരുന്നു. ബാക്കി 19നകം ഏറ്റെടുക്കും ഭക്ഷ്യമന്ത്രിയുടെ ഓഫീസ‌് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ അഭ്യർഥനയെത്തുടർന്ന‌് സൗജന്യ നിരക്കിൽ അരി നൽകുമെന്ന ഉറപ്പിൽ ആഗസ‌്ത‌് 21നാണ‌് 89,540 ടൺ കേന്ദ്രം അനുവദിച്ചത‌്. എന്നാൽ പിന്നീട് കിലോയ‌്ക്ക‌് 25 രൂപ നിരക്കിൽ നൽകണമെന്ന‌് കേന്ദ്രഭക്ഷ്യവകുപ്പ‌് ഉത്തരവിറക്കുകയാണുണ്ടായത്. പണം കേന്ദ്രം നൽകുന്ന ദുരന്തനിവാരണ ഫണ്ടിൽനിന്ന‌് കുറയ്കുമെന്നായിരുന്നു ഉത്തരവ‌്. ഈ പ്രസ്താവന വിവാദമായപ്പോൾ അരി സൗജന്യമായിത്തന്നെ നൽകുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ‌് പസ്വാൻ പ്രസ‌്താവന ഇറക്കി. എങ്കിലും ഇത് പ്രാവർത്തികമാക്കിയില്ല. കഴിഞ്ഞ ഇരുപത്തിയൊൻപത്തിനു സർക്കാർ അരി ഏറ്റെടുക്കാൻ തീരുമാനിക്കുകയും , ലഭിച്ച അരിയിൽനിന്നു 38.5 ലക്ഷം കുടുംബങ്ങൾക്ക‌് സൗജന്യമായി അഞ്ച‌് കിലോവീതം നൽകുകയും ചെയ്തു. എന്നാൽ അരിക്ക് വില ഈടാക്കുന്നത് കേരളത്തിന‌് 230 കോടിയോളം രൂപയുടെ ബാധ്യത വരുത്തും . കേരളത്തിലെ പ്രളയകാലത്തിനു ശേഷവും കേന്ദ്രത്തിന്റെ ജനദ്രോഹ പരിപാടികൾ തുടരുന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത് .