കേരളത്തിൽ രണ്ട് തരം വർഗീയത, ഒന്ന് ന്യൂനപക്ഷവും മറ്റൊന്ന് ഭൂരിപക്ഷവും: മുഖ്യമന്ത്രി

പാലക്കാടും ആലപ്പുഴയിലും വർഗീയ കലാപം ലക്ഷ്യമിട്ട് നീക്കങ്ങൾ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര വകുപ്പ് അതിനെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ വർഗീയ ശക്തികൾ ഇല്ലെന്ന് പറയാനാവില്ലെന്നും വ്യക്തമാക്കി. ചേലക്കര കൊണ്ടാഴി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് കൺവൻഷനില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കേരളത്തില്‍ ന്യൂനപക്ഷം, ഭൂരിപക്ഷം എന്നിങ്ങനെ രണ്ടു തരം വർഗീയതയുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണെന്നും വ്യക്തമാക്കി. "മറ്റു സംസ്ഥാനങ്ങളിൽ ചെയ്തത് ഇവിടെ ചെയ്യാൻ പറ്റില്ല. വ്യത്യസ്തമായി നിൽക്കുന്നത് കേരളം മാത്രമാണ്. ഇന്ത്യാ രാജ്യത്ത് ക്രമസമാധാന പാലനം ഏറ്റവും നല്ല നിലയിലുള്ള സംസ്ഥാനം കേരളമാണ്. ഒരു കുറ്റവാളിക്കും ഒരു സംരക്ഷണവും ലഭിക്കില്ല. ആരെന്ന് നോക്കാതെ കർക്കശമായ സമീപനം സ്വീകരിക്കും", മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് ന്യൂനപക്ഷവിരുദ്ധ സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു വിഭാഗത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ സംസാരിച്ചിരിക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. എല്ലാ കാലത്തും അവർ സ്വീകരിക്കുന്ന നിലപാടാണിത്. ന്യൂനപക്ഷത്തെ പ്രത്യേകമായി സംരക്ഷിക്കുക എന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. പക്ഷെ കേന്ദ്ര ഭരണാധികാരികൾ ഏതെല്ലാം നിലയിൽ ന്യൂനപക്ഷത്തിനെതിരെ വികാരം പ്രകടപ്പിക്കാൻ കഴിയുമോ അത് ആ നിലയിൽ ചെയ്യുന്നു.

ന്യൂനപക്ഷങ്ങൾക്ക് നേരെ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് പരിഷ്കൃതമല്ല എന്ന് വിവിധ ലോക രാജ്യങ്ങൾ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്തവ വിഭാഗം പലവട്ടം സംഘപരിവാർ ആക്രമണങ്ങൾക്ക് വിധേയരാകേണ്ടി വന്നുവെന്നും ഇരയായവരെ കൂടുതൽ പീഡിപ്പിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

"അക്രമത്തിൻ്റെ ഭാഗമായി ശിക്ഷിക്കപ്പെട്ടത് അപൂർവം ചിലർ മാത്രമാണ്. ശിക്ഷിക്കപ്പെട്ടവരെ മഹത്വവത്കരിക്കുന്ന കാഴ്ചയാണ് സംഘപരിവാർ കാട്ടിതന്നത്. ന്യൂനപക്ഷങ്ങൾക്ക് സഹായങ്ങൾ ഒന്നും ചെയ്യാനില്ലെന്ന് തന്നെയാണ് കേന്ദ്ര സർക്കാർ പറഞ്ഞുവയ്ക്കുന്നത്.

വെറുപ്പിൻ്റെ അന്തരീക്ഷം നിലനിർത്താനാണ് എല്ലാ കാലത്തും കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. പച്ചയായ വർഗീയത പറയുക, ഉന്നതസ്ഥാനങ്ങളിൽ ഉള്ളവർ പോലും വർഗീയ നിലപാടുകൾ സ്വീകരിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർഗീയ ലഹളകൾ, ആക്രമണങ്ങൾ എന്നിവ നടക്കുന്നു", മുഖ്യമന്ത്രി പറഞ്ഞു.

10-Nov-2024