കശ്മീരി വിദ്യാര്‍ത്ഥികള്‍ താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്ന് അധികൃതര്‍

കര്‍ണാടകയിലെ നഴ്സിംഗ് കോളജിലെ കശ്മീരി വിദ്യാര്‍ത്ഥികളോട് താടി വടിക്കാന്‍ ആവശ്യപ്പെട്ട് കോളജ് അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ താടി വടിക്കുകയോ ട്രിം ചെയ്യുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. കര്‍ണാടകയിലെ രാജീവ് ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഹാസനിലെ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജിന്റേതാണ് വിചിത്രമായ നടപടി.

ജമ്മു കശ്മീരില്‍ നിന്നുള്ള 14 വിദ്യാര്‍ത്ഥികളാണ് നഴ്സിംഗ് കോളേജില്‍ പഠിക്കുന്നത്. താടി ഷേവ് ചെയ്യാത്ത് വിദ്യാര്‍ത്ഥികള്‍ ക്ലിനിക്കല്‍ സെഷനുകളില്‍ ഹാജരാകാത്തതായി രേഖപ്പെടുത്തി എന്നും ഇത് ഹാജര്‍ നിലയെയും അക്കാദമിക് റെക്കോര്‍ഡിനെയും പ്രതികൂലമായി ബാധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. ഈ വിവേചനപരമായ നയം തങ്ങളുടെ നടക്കാനിരിക്കുന്ന പരീക്ഷകളെയും പ്രത്യേകിച്ചും ഇന്റേണല്‍ മൂല്യനിര്‍ണ്ണയത്തെയും ബാധിക്കുമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ കത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കോളേജിന്റെ നിര്‍ദേശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കത്തില്‍ പറഞ്ഞു.

എന്നാല്‍ പുതിയ നിര്‍ദേശങ്ങള്‍ ഒരു വിഭാഗത്തെ മാത്രം ഉദ്ദേശിച്ചല്ലെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. പ്രാദേശിക കന്നഡിഗ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ക്ലിനിക്കല്‍ ഡ്യൂട്ടികള്‍ക്ക് ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.

പ്രൊഫഷണല്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള അടിസ്ഥാന ആവശ്യങ്ങളാണ് മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും മതപരമായ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ പതിവായി ക്ലാസുകള്‍ ഒഴിവാക്കുന്നതായും കോളേജ് അധികൃതര്‍ ആരോപിച്ചു.

10-Nov-2024