പ്രതിപക്ഷത്തിന് ബൂമറാങ്ങായി ബ്രൂവറി ചലഞ്ച്

തിരുവനന്തപുരം :  സംസ്ഥാനസര്‍ക്കാര്‍ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം എ കെ ആന്റണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നതായി മാറി. അതേ സമയം താന്‍ ഗ്രൂപ്പ് വൈര്യം മുന്‍നിര്‍ത്തിയല്ല, പേഴ്‌സണല്‍ സ്റ്റാഫിലുള്ള ചിലര്‍ നല്‍കിയ വിവരങ്ങള്‍ വസ്തുതയാണെന്ന് തെറ്റിദ്ധരിച്ചാണ് പത്രസമ്മേളനം നടത്തിയതെന്നാണ് രമേശ് ചെന്നിത്തല അടുത്ത വൃത്തങ്ങളോട് പറയുന്നത്.

1999ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ ഡിസ്റ്റലറികള്‍ക്കും ബോട്ടിലിംഗ് പ്ലാന്റുകള്‍ക്കും അനുമതി നല്‍കുന്നത് നിര്‍ത്തിവെച്ചെന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍, തുടര്‍ന്ന് കേരളത്തില്‍ അധികാരത്തില്‍ വന്ന ആന്റണി സര്‍ക്കാര്‍ 2003ല്‍ തൃശൂരിലെ മലബാര്‍ ബ്രൂവറിക്ക് നേരിട്ട് ലൈസന്‍സ് നല്‍കി. അന്ന് കെ പി സി സി എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. യു ഡി എഫ് ഉന്നതാധികാരസമിതിതിയും ലൈസന്‍സിനെ കുറിച്ച് ചര്‍ച്ച നടത്തിയാണ് തീരുമാനത്തിലേക്കെത്തിയത്.

അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഡിസ്റ്റലറിക്ക് അനുവാദം കൊടുക്കുന്നതിനെ എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമാണ് യു ഡി എഫ് ഉന്നതാധികാരസമിതിയില്‍ ലൈസന്‍സ് നല്‍കേണ്ടത് എതിര്‍ക്കേണ്ടതില്ലെന്നും അത് യു ഡി എഫിന് വലിയ സഹായമാവുമെന്നും പറഞ്ഞ് ആന്റണിയുടെ വായടപ്പിച്ചത്. ഇതൊക്കെ അറിയാവുന്ന രമേശ് ചെന്നിത്തല, 2003ലെ ഡിസ്റ്റലറി ലൈസന്‍സ് വിതരണം സംവാദമാക്കി മാറ്റുന്നത് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ടാണെന്നാണ് എ ഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

തൃശൂരിലെ മലബാര്‍ ബ്രൂവറിക്കാണ് 2003ല്‍ ആന്റണി സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയത്. സംസ്ഥാനത്തെ മൂന്ന് ഡിസ്റ്റിലറിയും അംഗീകാരം നല്‍കിയത് യു ഡി എഫ് കാലത്ത് തന്നെയാണ്. അതില്‍ പലതിലും കോടികളുടെ ഇടപാട് നടന്നു എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. ആ കാലത്ത് യു ഡി എഫ് സര്‍ക്കാരില്‍ എക്‌സൈസ് വകുപ്പ് കൈയ്യാളിയ മന്ത്രിമാരായ കെ ശങ്കരനാരായണന്‍, പ്രൊഫ. കെ വി തോമസ് എന്നിവരുടെ പേരില്‍ ആരോപണവുമായി കോണ്‍ഗ്രസിനകത്തുനിന്നും ചിലര്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് അവരെ തടഞ്ഞുനിര്‍ത്തിയത്.

2003ലെ ആന്റണി സര്‍ക്കാര്‍ ഡിസ്റ്റലറി അനുവദിച്ചതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉദ്ദേശമെങ്കിലും ഫലത്തില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തും വിധത്തില്‍ ബ്രൂവറി ചലഞ്ച് സംവാദം കൈവിട്ടുപോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

01-Oct-2018