തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ബോട്ടലിംഗ് യൂണിറ്റുകളും ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ കര്‍ണാടക കോണ്‍ഗ്രസും മദ്യലോബിയും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനും കര്‍ണാടകത്തിലെ വ്യവസായ വകുപ്പുമന്ത്രിയുമായ കെ ജെ ജോര്‍ജ്ജ് വഴിയാണ് കര്‍ണാടകത്തിലെ പ്രമുഖ ഡിസ്റ്റലറി മുതലാളിമാരടങ്ങുന്ന മദ്യലോബി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സ്വാധീനിച്ചിരിക്കുന്നത്. ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഭാരവാഹിയായിരിക്കുന്ന കാലംമുതല്‍ കെ ജെ ജോര്‍ജ്ജുമായി പുലര്‍ത്തുന്ന അടുപ്പമാണ് മദ്യമാഫിയക്ക് വേണ്ടിയുള്ള ഇടപെടലായി പരിണമിച്ചിരിക്കുന്നത്.
കേരളത്തില്‍ വിപണിയിലുള്ള വിദേശമദ്യത്തില്‍ ഭൂരിഭാഗവും കുപ്പികളിലാക്കി എത്തിക്കുന്നത് കര്‍ണാടകത്തിലെയും ഗോവയിലെയും മദ്യമുതലാളിമാരാണ്. 2016-17 വര്‍ഷത്തില്‍ 5.72 ലക്ഷം കെയ്‌സ് വിദേശമദ്യവും 60.56 ലക്ഷം കെയ്‌സ് ബിയറും കര്‍ണാടകത്തില്‍നിന്നും വാങ്ങുകയുണ്ടായി. 2017-18 വര്‍ഷത്തില്‍ 8.14 ലക്ഷം കെയ്‌സ് മദ്യവും 40.09 ലക്ഷം കെയ്‌സ് ബിയറും പുറത്തുനിന്നും വാങ്ങി. ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്ത് അവസാനംവരെ 6.55 ലക്ഷം കെയ്‌സ് വിദേശ മദ്യവും 15.13 ലക്ഷം കെയ്‌സ് ബിയറുമാണ് കേരളത്തിനുപുറത്തുനിന്നും വാങ്ങിയത്. കേരളത്തില്‍ ബ്രൂവറിയും ബോട്ടലിംഗ് പ്ലാന്റും തുടങ്ങിയാല്‍ തങ്ങളുടെ കച്ചവടം ഇല്ലാതാവും എന്നതാണ് കര്‍ണാടക മദ്യലോബിയെ അലട്ടുന്നത്. അതിനാലാണ് അവര്‍ രമേശ് ചെന്നിത്തലയെ വിലക്കെടുത്ത് വിവാദമുണ്ടാക്കുന്നതെന്നാണ് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് വക്താക്കള്‍ ആരോപിക്കുന്നത്.
കര്‍ണാടകത്തിലെ മദ്യലോബിയെ സഹായിക്കാനാണ് ബ്രൂവറി ചലഞ്ച് കൊണ്ട് ചെന്നിത്തല ലക്ഷ്യമിടുന്നതെങ്കിലും 2003ലെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ഡിസ്റ്റലറി അനുവദിക്കുന്നതിന് വേണ്ടി യു ഡി എഫ് ഉന്നതാധികാരസമിതിയില്‍ വാദിച്ച് ലൈസന്‍സ് നേടിക്കൊടുത്ത ഉമ്മന്‍ചാണ്ടിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയെന്ന ലക്ഷ്യവും ചെന്നിത്തലയ്ക്ക് ഉണ്ട്. ജോര്‍ജ്ജിന്റെ ചെലവില്‍ ഉമ്മന്‍ചാണ്ടിയെ തകര്‍ക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യമെന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.