ബാലഭാസ്കറിന് വിട

തിരുവനന്തപുരം : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ 12.57നാണ് ഹൃദയാഘാതമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ബാലഭാസ്‌കര്‍, ലക്ഷ്മി, െ്രെഡവര്‍ അര്‍ജുന്‍ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്.

വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്ന ബാലഭാസ്‌ക്കര്‍ ഒട്ടേറെ മലയാള സിനിമയിലും സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരുന്നു. വയലിനില്‍ അദ്ദേഹം ചെയ്യുന്ന ഫ്യൂഷന്‍ സംഗീതത്തിന് ലോകത്തുടനീളം ഏറെ ആരാധകരുണ്ട്. കാല്‍ നൂറ്റാണ്ട് സംഗീതരംഗത്ത് സജീവമായി നിന്നയാളായിരുന്നു ബാലഭാസ്‌ക്കര്‍. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പ്രമുഖര്‍ക്കൊപ്പം സ്‌റ്റേജ്‌ഷോകളില്‍ ഫ്യൂഷന്‍പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മംഗല്യപ്പല്ലക്ക്, കണ്ണാടിക്കടവത്ത്, പാട്ടിന്റെ പാലാഴി, മോക്ഷം, പാഞ്ചജന്യം എന്നിങ്ങനെ വിവിധ സിനിമകള്‍ക്ക സംഗീത സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം ചെയ്ത നിനക്കായ്,  ആദ്യമായി എന്നീ പ്രണയഗാനങ്ങള്‍ അടങ്ങിയ ആല്‍ബവും വന്‍ ഹിറ്റായി മാറിയിരുന്നു. നിര്യാണത്തില്‍ സിനിമാസംഗീത രംഗത്തെ അനേകരാണ് ദു:ഖം രേഖപ്പെടുത്തിയിരിക്കുന്നത്.

വാഹനാപകടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കര്‍ അപകടത്തിന് ശേഷം ഇത്രയും ദിവസം അബോധാവസ്ഥയിലായിരുന്നു. ഇത്രയും ദിവസം ബാലഭാസ്‌ക്കറിന്റെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. മൂന്നിലധികം ശസ്ത്രക്രിയ വേണ്ടി വന്ന അദ്ദേഹത്തിന്റെ ജീവന്‍ നില നിര്‍ത്തിയിരുന്നത് വെന്റിലേറ്റര്‍ ഉപയോഗിച്ചായിരുന്നു. ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും നില ഗുരുതരമാണ്്. വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഉച്ചതിരിഞ്ഞ് സംസ്‌കാരചടങ്ങുകള്‍ നടക്കും.

02-Oct-2018