ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പിണറായിയും കോടിയേരിയും

തിരുവനന്തപുരം : അകാലത്തില്‍ പൊലിഞ്ഞ പ്രമുഖ സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ നിര്യാണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അനുശോചിച്ചു.

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ  വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല  നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്. കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു  അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കര്‍ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി. ഉപകരണ സംഗീതത്തിന്റെ  വിസ്മയ സാധ്യതകള്‍  തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ബാലഭാസ്‌കറെന്ന് കോടിയേരി ബാലകൃഷ്ണ്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. ബാലഭാസ്‌കര്‍ സിനിമാ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരുന്നു. വയലിനില്‍ അദ്ദേഹം ചെയ്യുന്ന ഫ്യൂഷന്‍ സംഗീതത്തിന് ഏറെ ആരാധകരുണ്ട്. കാല്‍ നൂറ്റാണ്ട് സംഗീതരംഗത്ത് സജീവമായി നിന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയഗാനങ്ങള്‍ അടങ്ങിയ ആല്‍ബങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാരം ബാലഭാസ്‌കറിന്റെ കഴിവിനുള്ള അംഗീകാരമായിരുന്നു കോടിയേരി പറഞ്ഞു. ബാലഭാസ്‌കരും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഏക മകള്‍ രണ്ടുവയസുകാരി തേജസ്വിനി ബാല മരണപ്പെട്ടിരുന്നു. അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചാരായാനും ബന്ധുക്കളെ സമാധാനിപ്പിക്കാനുമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ഞാനും പോയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആകസ്മികമായെത്തിയ ഹൃദയാഘാതമാണ് ആ മിടുക്കനായ ചെറുപ്പക്കാരനെ അപഹരിച്ചുകളഞ്ഞത്. ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കാളിയാവുന്നുവെന്നും അനുശോചന കുറിപ്പില്‍ കോടിയേരി പറഞ്ഞു.


02-Oct-2018