കര്‍ഷകരെ അടിച്ചൊതുക്കാന്‍ ശ്രമിച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനയങ്ങളോടുള്ള പ്രതിഷേധം രാജ്യതലസ്ഥാനത്തേക്കും. ഉത്തര്‍പ്രദേശ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ തടയാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസിന്റെ ലാത്തിയടിയിലും കണ്ണീര്‍വാതക പ്രയോഗത്തിലും ഒട്ടേറെ കര്‍ഷകര്‍ക്കും ഒരു എ.സി.പി.യടക്കം ഏഴുപോലീസുകാര്‍ക്കും പരിക്കേറ്റു. സമരം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് 'കിസാന്‍ ക്രാന്തി യാത്ര' എന്ന കൂറ്റന്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. എഴുപതിനായിരത്തോളം കര്‍ഷകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. അഞ്ഞൂറോളം ട്രാക്ടറുകളിലും പ്രക്ഷോഭകര്‍ മാര്‍ച്ചില്‍ സജീവമായുണ്ട്. മാര്‍ച്ച് ഡല്‍ഹിയിലെത്തുന്നത് തടയാനുള്ള പോലീസ് നടപടി ഫലിക്കാതെ വന്നതോടെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്ന് ചൊവ്വാഴ്ച രാത്രി നേതാക്കള്‍ പ്രഖ്യാപിച്ചു.

സെപ്റ്റംബര്‍ 23നാണ് കര്‍ഷകമാര്‍ച്ച് തുടങ്ങിയത്. പ്രക്ഷോഭകര്‍ ഗാന്ധിജയന്തി ദിനത്തില്‍ രാജ്ഘട്ടിലേക്ക് പോകവേയാണ് പോലീസ് ഇടപെട്ടത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മേഖലയില്‍ പോലീസ് കനത്തസുരക്ഷ ഒരുക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡല്‍ഹിഗാസിയാബാദ് ദേശീയപാത ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടുപോകാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചതോടെയാണ് പോലീസ് ബലംപ്രയോഗിച്ചത്.

കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതിനിധിയായി ആദ്യം കര്‍ഷകരെ കണ്ട കേന്ദ്ര കൃഷിസഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവത് ഉറപ്പുനല്കി. സര്‍ക്കാരിന്റെ ഉറപ്പില്‍ വിശ്വാസമില്ലെന്നും സമരം തുടരുമെന്നും ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത് പ്രതികരിച്ചു. മറ്റൊരു ഗതിയും പ്രതീക്ഷയുമില്ലാത്തതുകൊണ്ടാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തതെന്ന് കര്‍ഷക നേതാവ് ധര്‍മേന്ദ്ര മാലികും പ്രതികരിച്ചു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമാധാനപൂര്‍വം സമരംചെയ്ത  കര്‍ഷകരെ അടിച്ചമര്‍ത്തിയ പൊലീസ് നടപടി അപലപനീയമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു. അഹിംസാ ദിനമായി ആചരിക്കേണ്ട ഗാന്ധിജയന്തിദിനത്തില്‍ പദയാത്ര നടത്തിയ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ തല്ലിച്ചതച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ്‌യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ : എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുക, കരിമ്പു കര്‍ഷകര്‍ക്കു മില്ലുകള്‍ നല്‍കാനുള്ള കുടിശ്ശിക ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാക്ടറുകളുടെ ഉപയോഗത്തിനുള്ള വിലക്ക് റദ്ദാക്കുക, വിള ഇന്‍ഷുറന്‍സ് പദ്ധതി മെച്ചപ്പെടുത്തുക, കാര്‍ഷികകടം എഴുതിത്തള്ളുക, കര്‍ഷക പെന്‍ഷന്‍ അനുവദിക്കുക, ഇന്ധനവില കുറയ്ക്കുക

03-Oct-2018